ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ വിദ്യാർഥിയും കോച്ചിങ് സെന്‍റർ നടത്തിപ്പുകാരനും അറസ്റ്റിൽ

തിരുവനന്തപുരം: ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ വിദ്യാർഥിയും കോച്ചിങ് സെന്‍റർ നടത്തിപ്പുകാരനും അറസ്റ്റിൽ. മലയിൻകീഴ് സ്വദേശി 23 വയസ്സുള്ള അദിത്, കോച്ചിങ് സെന്‍റർ നടത്തിപ്പുകാരനായ വിളവൂർക്കൽ സ്വദേശി വേണുഗോപാലൻ നായർ എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച പള്ളിപ്പുറം സി.പി.ആര്‍.എഫ് കേന്ദ്രീയ വിദ്യാലയത്തിൽ നടന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് പ്ലസ്ടു ലവൽ പരീക്ഷയിലാണ് ആള്‍മാറാട്ടം നടത്തിയത്. വിദേശത്ത് ജോലിചെയ്യുന്ന മിഥുന് വേണ്ടിയാണ് അദിത് പരീക്ഷയെഴുതാനെത്തിയത്. ഫോട്ടോയിലും ഒപ്പിലും സംശയം തോന്നിയ അധികൃതർ വിശദമായി പരിശോധിച്ചപ്പോഴാണ് ആൾമാറാട്ടം കണ്ടെത്തിയത്. തുടർന്ന് ഇയാളെ തടഞ്ഞ് വച്ച് മംഗലപുരം പൊലീസിന് കൈമാറുകയായിരുന്നു.

പരീക്ഷയെഴുതാൻ അദിതിനെ ചുമതലപ്പെടുത്തിയതിനാണ് കോച്ചിങ് സെന്‍റര്‍ ഉടമ വേണുഗോപാലൻ നായരെ പൊലീസ് അറസ്റ്റ് ചെയ്തത്. തമ്പാനൂരിൽ തൂലിക എന്ന പേരിൽ ഓപ്പൺ സ്ക്കൂൾ കോച്ചിംഗ് സെന്‍റര്‍ നടത്തുകയാണ് വേണുഗോപാലൻ നായർ. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News