ചെന്നൈ: കോളേജ് വിദ്യാർഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് തമിഴ്നാട് ഗവർണർ ആർ.എൻ. രവി. മധുരയിലെ സ്വകാര്യ എഞ്ചിനിയറിങ് കോളേജിൽ ശനിയാഴ്ച നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കവെയായിരുന്നു സംഭവം. ഗവർണറുടെ പ്രവൃത്തി വിവാദമാവുകയും ഇതിനെതിരേ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകൾ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
പ്രസംഗത്തിൽ ഗവർണർ ഡിഎംകെയേയും സംസ്ഥാന സർക്കാരിനേയും രൂക്ഷമായി വിമർശിച്ചു. ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ടപ്പോൾ ചില വിദ്യാർഥികൾ അതേറ്റു വിളിക്കുന്നതും വീഡിയോയിൽ കാണാം.
ഗവർണറുടെ പ്രവൃത്തി രാജ്യത്തെ മതേതര മൂല്യങ്ങൾക്കെതിരാണെന്നും ഭരണഘടനയെ ലംഘിക്കാനാണ് ഗവർണറുടെ ശ്രമമെന്നും ചൂണ്ടിക്കാട്ടി ഡിഎംകെ വക്താവ് ധരണീധരൻ രംഗത്തെത്തി. ഗവർണർ ഒരു ആർഎസ്എസ് വക്താവാണെന്നും എന്തുകൊണ്ടാണ് അദ്ദേഹം ഇതുവരെ രാജിവെക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ഒരു മതനേതാവിനെപ്പോലെയാണ് ഗവർണർ പെരുമാറുന്നതെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് എംഎൽഎ ആസാൻ മൗലാന രംഗത്തെത്തി.
തമിഴ്നാട് നിയമസഭ പാസാക്കിയ 10 ബില്ലുകൾ തടഞ്ഞുവെച്ച ഗവർണറുടെ തീരുമാനത്തെ സുപ്രീം കോടതി രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. തുടർന്ന് സുപ്രീം കോടതി ഈ ബില്ലുകൾ നിയമമാക്കാൻ അനുമതി നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആർ.എൻ. രവിയുടെ വിവാദത്തിനിടയാക്കുന്ന പുതിയ നടപടി.

