NationalNews

ശബരിമല ഇസ്ലാം മതം സ്വീകരിച്ചു; മക്കയിലെത്തി പ്രഖ്യാപനം

ചെന്നൈ: പ്രമുഖ തമിഴ് മോട്ടിവേഷണല്‍ സ്പീക്കറും അധ്യാപികയുമായ ശബരിമല ജയകാന്തന്‍ ഇസ്ലാം മതം സ്വീകരിച്ചു. മക്കയിലെത്തിയാണ് അവര്‍ പ്രഖ്യാപനം നടത്തിയത്. ഫാത്തിമ ശബരിമല എന്നാണ് പുതിയ പേര്. ലോകത്ത് മുസ്ലിങ്ങള്‍ക്കെതിരെ ഇത്രയധികം വിദ്വേഷം എന്തുകൊണ്ടാണ് പ്രചരിപ്പിക്കപ്പെടുന്നത് എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു തുടങ്ങിയത് മുതലാണ് മാറ്റം സംഭവിച്ചതെന്ന് ശബരിമല പറയുന്നു. നിഷ്പക്ഷമായ മനസോടെ ഖുര്‍ആന്‍ വായിക്കാന്‍ തുടങ്ങി. അതോടെ ഞാന്‍ സത്യത്തിലേക്ക് എത്തി. ഇന്ന് എന്നേക്കാള്‍ അധികം ഇസ്ലാമിനെ സ്നേഹിക്കുന്നുവെന്നും ശബരിമല പറഞ്ഞു.

മുസ്ലിമാവുക എന്നത് ആദരവ് നിറഞ്ഞ കാര്യമാണ്. നിങ്ങളുടെ കൈവശമുള്ള ഖുര്‍ആന്‍ ലോകത്തെ എല്ലാവര്‍ക്കും പരിചയപ്പെടുത്തണം. മഹത്തായ ഒരു ഗ്രന്ഥമാണ് നിങ്ങളുടെ കൈവശം. എന്തിന് ഖുര്‍ആന്‍ വീട്ടില്‍ ഒളിപ്പിക്കണം. ലോകം വായിക്കട്ടെ എന്നും ശബരിമല മക്കയില്‍ വച്ച് പറഞ്ഞു. ഇക്കാര്യം അവര്‍ വിശദീകരിക്കുന്ന വീഡിയോ ട്വിറ്ററില്‍ നിരവധി പേരാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

1982ല്‍ മധുരയിലെ അളഗസ്വാമി-കലൈയരസി ദമ്പതികളുടെ മകളായിട്ടാണ് ശബരിമല ജനിച്ചത്. ജയകാന്തന്‍ ആണ് ഭര്‍ത്താവ്. മകന്റെ പേര് ജയചോളന്‍. ദിണ്ഡിഗലില്‍ ആയിരുന്നു വിദ്യാഭ്യാസം. 2002ലാണ് കൂഡല്ലൂരിലെ കാട്ടുമണ്ണാര്‍ഗുഡിക്കടുത്ത എല്ലേരി സ്‌കൂളില്‍ അധ്യാപികയായി ഔദ്യോഗിക ജീവിതം തുടങ്ങിയത്. ജോലിയേക്കാള്‍ വലുത് രാജ്യമാണ് എന്ന് ചൂണ്ടിക്കാട്ടി പിന്നീട് സര്‍ക്കാര്‍ ജോലി രാജിവച്ചു. ദേശീയതലത്തില്‍ ഒരു വിദ്യാഭ്യാസ സമ്പ്രദായം വേണമെന്നായിരുന്നു അവരുടെ നിലപാട്. നീറ്റ് പരീക്ഷയ്ക്കെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തു. നീറ്റിനെതിരെ അവര്‍ നിരാഹാര സമരം നടത്തിയിരുന്നു. ജോലി രാജിവച്ച ശേഷം അവര്‍ പൊതുസേവന പ്രവര്‍ത്തനത്തില്‍ വ്യാപൃതയായി.

സ്ത്രീകളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവര്‍ത്തനം തുടങ്ങി. ഈ ലക്ഷ്യം മുന്‍നിര്‍ത്തി വിഷന്‍ 2040 എന്ന സംഘടന രൂപീകരിച്ചു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ അവര്‍ പോരാടുകയും ചെയ്തു. തമിഴ്നാട്ടിലെ വിവിധ ഗ്രാമങ്ങളില്‍ ആറ് ലക്ഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ ബോധവല്‍ക്കരണം നല്‍കി. പെണ്‍കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച് പുസ്തകം എഴുതി ഗ്രാമങ്ങളില്‍ വിതരണം ചെയ്തു. അടുത്തിടെ കോയമ്പത്തൂരില്‍ ബലാല്‍സംഗത്തിനിരയായി മരിച്ച രത്നശ്രീയുടെ കുടുംബത്തിന് വേണ്ടി ഒരു ലക്ഷം രൂപ സമാഹരിച്ച് നല്‍കിയിരുന്നു.

2000ത്തിലധികം വേദികളില്‍ മോട്ടിവേഷണല്‍ പ്രസംഗം നടത്തിയിട്ടുണ്ട് ശബരിമല. ന്യൂസ്7 ടിവി, ജയ ടിവി, വണ്ടര്‍ ടിവി തുടങ്ങി നിരവധി ചാനകളിലെ ഷോകളില്‍ മോഡറേറ്ററായും പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെ പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

തമിഴ്നാട്ടിലെ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കായി ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചുവരികയാണ്. അടുക്കളയില്‍ നിന്ന് സ്ത്രീകള്‍ നിയമസഭയിലേക്ക് എത്തേണ്ടത് ആവശ്യമാണെന്ന് ശബരിമല പറയുന്നു. വുമണ്‍ ലിബറേഷന്‍പാര്‍ട്ടി എന്ന പേരില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനവും ശബരിമല തുടങ്ങിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker