ഇന്നത്തെ തിരക്കേറിയ ഈ ജീവിതത്തില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി വ്യാപകമായി മാറിയിരിക്കുകയാണ്. പലര്‍ക്കും ഇത്തരം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ വലിയ സഹായമാണ് ചെയ്യുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നിരവധി രസകരമായ സംഭവങ്ങളും പരാതികളം സോഷ്യല്‍ മീഡിയയിലൂടെ നാം കാണുന്നുമുണ്ട്. ഇപ്പോഴിതാ ഭക്ഷണം മാറി ഡെലിവറി നടത്തിയ സംഭവമാണ് അത്തരത്തില്‍ വൈറലാകുന്നത്.
ഫുഡ് ഡെലിവറി സൈറ്റായ സ്വിഗ്ഗിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ് ഗാനരചയിതാവ് കൊ സേഷ. താന്‍ വെജിറ്റേറിയന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ട് കിട്ടിയ ഭക്ഷണത്തില്‍ ചിക്കന്‍ കഷ്ണങ്ങള്‍ ലഭിച്ചതായാണ് അദ്ദേഹത്തിന്‍റെ പരാതി. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ഈ പരാതി ഉന്നയിച്ചത്.
‘എന്റെ ജീവിതകാലം മുഴുവനും ഞാന്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ് പിന്തുടര്‍ന്നിരുന്നത്. അവര്‍ എന്റെ ഈ മൂല്യങ്ങളെ എത്ര ലാഘവത്തോടെയാണ് വിലയ്ക്ക് വാങ്ങാന്‍ ശ്രമിച്ചതെന്ന് എന്നില്‍ വെറുപ്പുളവാക്കുന്നു. ഈ കാര്യത്തില്‍ സ്വിഗ്ഗിയുടെ സംസ്ഥാന തലവനില്‍ കുറയാത്തയാള്‍ എന്നെ നേരിട്ട് വിളിച്ച് മാപ്പ് പറയണമെന്നതാണ് എന്‍റെ ആവശ്യം. ഇതില്‍ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും”-കോ സേഷ ട്വീറ്റ് ചെയ്തു.
ട്വീറ്റ് വൈറലായതോട കോ സേഷയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. ചിലര്‍ തങ്ങള്‍ക്ക് ഉണ്ടായ സമാനമായ സംഭവങ്ങളെ കുറിച്ചും വിവരിച്ചു.