ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്രതാരം പ്രദീപ് വിജയനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ബുധനാഴ്ചയായിരുന്നു സംഭവം. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രദീപിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം റോയാപേട്ട് സർക്കാർ ആശുപത്രിയിലെത്തിച്ചു. മരണകാരണം അന്വേഷിച്ചുവരികയാണ്.
തലചുറ്റലുണ്ടാകുന്നതിനേക്കുറിച്ചും ശ്വസിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടിനേക്കുറിച്ചും ഈയിടെ പ്രദീപ് വിജയൻ അടുപ്പമുള്ളവരോട് പറഞ്ഞിരുന്നെന്നാണ് റിപ്പോർട്ട്. രണ്ടുദിവസമായി പ്രദീപ് ഫോണെടുക്കാതിരുന്നതിനേത്തുടർന്ന് ഒരു സുഹൃത്ത് അദ്ദേഹത്തെ അന്വേഷിച്ച് വീട്ടിലെത്തിയിരുന്നു. പലതവണ മുട്ടിയിട്ടും വാതിൽ തുറക്കാതിരുന്നതോടെ ഇയാൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് നീലങ്കരൈ പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് പ്രദീപ് മരിച്ചുകിടക്കുന്നത് കണ്ടത്. പ്രദീപിന്റെ തലയിൽ മുറിവേറ്റിരുന്നു. രണ്ടുദിവസം മുൻപേ പ്രദീപ് മരിച്ചിരിക്കാമെന്നാണ് പോലീസ് പറയുന്നത്. തലയിലെ മുറിവും ഹൃദയാഘാതവുമാവാം മരണകാരണമെന്നും അവർ പറയുന്നു.
പപ്പു എന്നാണ് പ്രദീപിനെ സുഹൃത്തുക്കൾ വിളിച്ചിരുന്നത്. 2013-ൽ സൊന്നാ പുരിയാത് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. തെഗിഡി, ഒരുനാൾ കൂത്ത്, മീസയേ മുറുക്ക്, മേയാത മാൻ, ഇരുമ്പ് തിരൈ, ആടൈ, ഹീറോ. ചക്ര, ടെഡി, ലിഫ്റ്റ്, ഹേയ് സിനാമിക തുടങ്ങിയവയാണ് അഭിനയിച്ച പ്രധാനചിത്രങ്ങൾ. രാഘവ ലോറൻസ് നായകനായ രുദ്രനിലാണ് അവസാനം വേഷമിട്ടത്.