തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു

തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു, ‘കൈയെത്തും ദൂരത്തി’ലൂടെ മലയാളികൾക്കും പരിചിതൻ

ചെന്നൈ: തുള്ളുവതോ ഇളമൈ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തനായ നടൻ അഭിനയ് കിങ്ങർ (44) അന്തരിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗുരുതരമായ കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. 2002ൽ ധനുഷ് നായകനായി അഭിനയിച്ച തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.

തമിഴ്, മലയാളം സിനിമകളിലായി 15ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ജംഗ്ഷൻ (2002), സിങ്കാര ചെന്നൈ (2004), പൊൻ മേഘലൈ (2005), സൊല്ല സൊല്ല ഇനിക്കും (2009), പാലൈവന സൊലൈ (2009), തുപ്പാക്കി (2012), അഞ്ചാൻ (2014) തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലെ കിഷോർ എന്ന കഥാപാത്രം അവതരിപ്പിച്ചതിലൂടെ മലയാളികൾക്കിടയിലും ശ്രദ്ധേയനാണ് അഭിനയ്.

തുപ്പാക്കി, അഞ്ജാൻ എന്നീ ചിത്രങ്ങളിൽ വിദ്യുത് ജംവാലിന് ശബ്ദം നൽകിയത് അഭിനയ് ആയിരുന്നു. കുറച്ച് വർഷങ്ങളായി സിനിമയിൽ സജീവമായിരുന്നില്ല.  

ചികിത്സാച്ചെലവുകൾ വർധിച്ചതോടെ അദ്ദേഹത്തിന്റെ സാമ്പത്തിക നില വഷളായി. റിപ്പോർട്ടുകൾ പ്രകാരം, സിനിമാ മേഖലയിലെ പലരിൽ നിന്നും അദ്ദേഹം സഹായം തേടിയിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ്, നടൻ കെ.പി.വൈ. ബാല അഭിനയ്ക്ക് ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ വർഷം ആദ്യം നടൻ ധനുഷും അദ്ദേഹത്തിന്റെ ചികിത്സാ ചെലവുകൾക്കായി സംഭാവന നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News