കാബൂൾ: ഉന്നതവിദ്യാഭ്യാസത്തിന്‍റെ പ്രസക്തി ചോദ്യം ചെയ്ത് താലിബാന്‍ സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രി. ബുധനാഴ്ചയാണ് താലിബാന്‍ സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രി ഷേഖ് മൌലവി നൂറുള്ള മുനീർ വിവാദ പ്രസ്താവന നടത്തിയത്. താലിബാന്‍റെ അധികാരത്തിലുള്ള മൌലവിമാര്‍ക്കും നേതാക്കള്‍ക്കും പിഎച്ച്ഡി. ബിരുദാനന്തരബിരുദം എന്തിന് പോയിട്ട് സ്കൂള്‍ വിദ്യാഭ്യാസം പോലുമില്ല.
പക്ഷേ അവരെല്ലാം മഹത്തായി സേവനം ചെയ്യുന്നുണ്ട്. അതുകൊണ്ട് പിഎച്ച്ഡി, ബിരുദാനന്തര ബിരുദം എന്നിവയ്ക്കൊന്നും വിലയില്ലെന്നാണ് വിവാദ പ്രസ്താവന. അഫ്ഗാനിസ്താന്‍റെ ഭരണം പിടിച്ചെടുത്ത് ആഴ്ചകള്‍ക്ക് ശേഷം ചൊവ്വാഴ്ചയാണ് താലിബാന്‍ പുതിയ സര്‍ക്കാരിനെ പ്രഖ്യാപിച്ചത്. നിലവിൽ ഷേഖ് മൌലവി നൂറുള്ള മുനീറിന്‍റെ വിവാദ പ്രസ്ഥാനവനയുടെ വീഡിയോ രൂക്ഷ വിമര്‍ശനത്തോടെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
അതേസമയം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അഫ്ഗാനിസ്താനിലെ ചില സ്വകാര്യ സര്‍വകലാശാലകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. താലിബാന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ടാണ് ക്ലാസുകള്‍ ആരംഭിച്ചത്. ആണുങ്ങളും പെണ്ണുങ്ങളും ഇടകലര്‍ന്നിരിക്കാന്‍ പാടില്ല. ഒന്നുകില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ ക്ലാസുകളായിരിക്കണം. അല്ലെങ്കില്‍, ക്ലാസിന്റെ ഇരു വശങ്ങളിലുമായി ആണും പെണ്ണും വെവ്വേറെ ഇരിക്കുകയും നടുക്കായി ഒരു കര്‍ട്ടന്‍ ഇടുകയും വേണം എന്ന് വിദ്യാഭ്യാസത്തെ സംബന്ധിച്ച് താലിബാന്‍ നയം വ്യക്തമാക്കിയിരുന്നു.
ക്രിക്കറ്റ് അടക്കമുള്ള കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അഫ്ഗാനിസ്താനിലെ സ്ത്രീകളെ അനുവദിക്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയിരുന്നു.ഒരു കായിക ഇനത്തിലും പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് ബുധനാഴ്ചയാണ് താലിബാന്‍ വിശദമാക്കിയത്. ഓസ്ട്രേലിയയും അഫ്ഗാനിസ്ഥാനും തമ്മില്‍ ഹൊബാര്‍ട്ടില് വച്ച് നവംബറില്‍ നിശ്ചയിച്ച ടെസ്റ്റ് മത്സരത്തെക്കൂടി സംശയത്തിന്‍റെ നിഴലില്‍ വീഴ്ത്തുന്നതാണ് താലിബാന്‍റെ പ്രഖ്യാപനം..
കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന അവസ്ഥയില്‍ മുഖവും ശരീരവും മറയ്ക്കാത്ത ഒരു സാഹചര്യം അവർ അഭിമുഖീകരിച്ചേക്കാം. സ്ത്രീകളെ ഇങ്ങനെ കാണാൻ ഇസ്ലാം അനുവദിക്കുന്നില്ല. ഇത് മാധ്യമ യുഗമാണ്. ഫോട്ടോകളും വീഡിയോകളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആളുകൾ അത് കാണാനും സാധ്യതയുണ്ട്. തുറന്നുകാണിക്കുന്ന രീതിയിലുള്ള ക്രിക്കറ്റ് അടക്കമുള്ള ഒരു കായിക മത്സരത്തിലും അതിനാല്‍ സ്ത്രീകളെ പങ്കെടുക്കാനനുവദിക്കില്ലെന്നാണ് താലിബാന്‍റെ സാംസ്കാരിക കമ്മീഷന്‍റെ ഡെപ്യൂട്ടി ചീഫായ അഹമ്മദുള്ള വാസിക് വിശദമാക്കുന്നത്. എസ്ബിഎസ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു താലിബാന്‍ വക്താവ് ഇക്കാര്യം വിശദമാക്കിയത്..
2020 നവംബറിലാണ് 25 വനിതാ ക്രിക്കറ്റ് താരങ്ങളുമായി അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് കരാറില്‍ ഏര്‍പ്പെട്ടത്. 40 വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് 21 ദിവസം കാബൂളില്‍ വച്ച് പരിശീലന ക്യാംപും നടത്തിയിരുന്നു. ഐസിസിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഒരു ദേശീയ വനിതാ ടീം ഉണ്ടാവണമെന്നാണ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ മാനദണ്ഡം. ഇത് പാലിക്കുന്നവര്‍ക്ക് മാത്രമാണ് ടെസ്റ്റ് കളിക്കാന്‍ അനുമതി ഐസിസി നല്‍കുന്നത്. തീരുമാനം പുരുഷ ക്രിക്കറ്റ് ടീമിന്‍റെ ടെസ്റ്റ് മത്സരങ്ങളെ ബാധിക്കില്ലേയെന്ന ചോദ്യത്തിന് താലിബാന്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നായിരുന്നു വാസിക് മറുപടി നല്‍കിയത്.
#EXCLUSIVE: Taliban representative Ahmadullah Wasiq confirms to @sbsnews that Afghan women and girls won't be allowed to play any sports that "expose' their bodies, including cricket. Australia has already provided humanitarian visas to some female athletes: pic.twitter.com/s7WcChXm2O
— Anna Henderson (@annajhenderson) September 8, 2021
ഞങ്ങൾ ഞങ്ങളുടെ മതത്തിനായി പോരാടി. വിപരീത പ്രതികരണങ്ങൾ ഉണ്ടായാലും ഞങ്ങൾ ഇസ്ലാമിക മൂല്യങ്ങൾ മറികടക്കുകയില്ല. ഞങ്ങളുടെ ഇസ്ലാമിക നിയമങ്ങൾ ഞങ്ങൾ ഉപേക്ഷിക്കില്ലെന്നാണ് വാസിക് വിശദമാക്കുന്നത്. കായിക മത്സരങ്ങള്‍ സ്ത്രീകള്‍ക്ക് അവശ്യമുള്ളതായല്ല ഇസ്ലാം കണക്കാക്കുന്നത്. ഒരു കായിക മത്സരത്തിലും ഇസ്ലാമിലെ സ്ത്രീകള്‍ക്ക് അനുചിതമായ വസ്ത്രം ധരിക്കാനാവില്ല. അത് അനുവദിക്കില്ലെന്നും താലിബാന്‍ നിലപാട് വ്യക്തമാക്കുന്നു.