ബെംഗളൂരു: സംവിധായകന്‍ രഞ്ജിത്തിനെതിരായ പീഡനക്കേസില്‍ പരാതിക്കാരനെതിരേ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി. പരാതിയില്‍ പറയുന്നതെല്ലാം വ്യാജമാണെന്നായിരുന്നു കര്‍ണാടക ഹൈക്കോടതിയുടെ നിരീക്ഷണം. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എം. നാഗപ്രസന്ന പരാതിക്കാരനെതിരേ വിമര്‍ശനമുന്നയിച്ചത്. കേസിന്റെ അന്വേഷണവും തുടര്‍നടപടികളും സ്റ്റേ ചെയ്തുള്ള ഇടക്കാല ഉത്തരവും ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.
2012-ല്‍ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി രഞ്ജിത് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നായിരുന്നു യുവാവിന്റെ പരാതി. എന്നാല്‍, വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത് 2016-ലാണെന്നും ഈ വിവരം എല്ലാവര്‍ക്കും ലഭ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ താജ് ഹോട്ടലില്‍ നടന്ന സംഭവങ്ങളെന്ന് പറയുന്നത് തീര്‍ത്തും കള്ളമാണെന്നും കോടതി പറഞ്ഞു.
മാത്രമല്ല, 2012-ല്‍ നടന്ന സംഭവത്തില്‍ 2024-ലാണ് പരാതി നല്‍കിയത്. പരാതി നല്‍കാന്‍ ഇത്രയും താമസമുണ്ടായതിന് വിശദീകരണം നല്‍കാനായില്ലെന്നും കോടതി പറഞ്ഞു.രഞ്ജിത്തിന്റെ ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതുവരെ പീഡനക്കേസിലെ തുടര്‍നടപടികളെല്ലാം ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. കേസ് ഇനി 2025 ജനുവരി 17-ന് പരിഗണിക്കും.

