കൊളംബോ: ഏകപക്ഷീയമായ മത്സരത്തിൽ പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് ടീം ഇന്ത്യ. പാക്കിസ്ഥാനെതിരെ 61 റൺസ് വിജയം നേടിയ ഇന്ത്യ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ എട്ടിൽ കടന്നു. ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 18 ഓവറിൽ 114 റൺസെടുത്തു പുറത്തായി.
34 പന്തിൽ 44 റൺസെടുത്ത മധ്യനിര താരം ഉസ്മാൻ ഖാൻ മാത്രമാണ് പാക്ക് നിരയിൽ പേരിനെങ്കിലും പൊരുതിയത്. ഷഹീൻ അഫ്രീദി (19 പന്തിൽ 23), ശതാബ് ഖാൻ (15 പന്തിൽ 14), ഫഹീം അഷറഫ് (14 പന്തിൽ 10) എന്നിവരും രണ്ടക്കം കടന്നു. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച പാക്കിസ്ഥാന് ഇനിയും സൂപ്പർ 8 പ്രതീക്ഷയുണ്ട്. നാലു പോയിന്റുമായി എ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണു പാക്കിസ്ഥാന്‍. പാക്കിസ്ഥാന്റെ ഏഴു താരങ്ങൾ രണ്ടക്കം കടക്കാതെ പുറത്തായി. ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ ഇന്ത്യയ്ക്കായി രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.
നിലയുറപ്പിക്കുന്ന ബാറ്റിങ് നിരയുണ്ടെങ്കിൽ അനായാസം പൊരുതി നേടാവുന്ന വിജയലക്ഷ്യമായിരുന്നു പാക്ക് ബോളർമാർ ബാറ്റർമാർക്കു മുന്നിൽവച്ചത്. എന്നാൽ പാക്കിസ്ഥാന്റെ ബാറ്റിങ് ദൗർബല്യം ആദ്യ ഓവർ മുതൽ തന്നെ മുഴച്ചുനിന്നു. ഹാർദിക് പാണ്ഡ്യയെറിഞ്ഞ ആദ്യ ഓവറിൽ സഹിബ്സദ ഫര്‍ഹാനെ റിങ്കു സിങ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു.
ബുമ്രയുടെ രണ്ടാം ഓവറിൽ സയിം അയൂബും സല്‍മാൻ ആഗയും മടങ്ങി. പവർപ്ലേ തീരുംമുൻപേ പാക്കിസ്ഥാനു നാലാം വിക്കറ്റും നഷ്ടമായി. അഞ്ചു റൺസെടുത്ത ബാബർ അസം അക്ഷർ പട്ടേലിന്റെ പന്തിൽ ബോൾഡായി. ആദ്യ ആറോവറിൽ 38 റൺസാണ് പാക്കിസ്ഥാൻ നേടിയത്. ബാറ്റിങ്ങിൽ നേരത്തേയിറങ്ങിയ ഉസ്മാൻ ഖാൻ പിടിച്ചുനിന്നത് പാക്കിസ്ഥാനു പ്രതീക്ഷ നൽകിയെങ്കിലും, അതും അധികം നീണ്ടില്ല.
സ്കോർ 73 ൽ നിൽക്കെ അക്ഷർ പട്ടേലിന്റെ പന്തിൽ ഇഷാൻ കിഷൻ സ്റ്റംപ് ചെയ്ത് ഉസ്മാൻ ഖാനെ പുറത്താക്കി. പിന്നാലെയെത്തിയ മുഹമ്മദ് നവാസ് കുൽദീപ് യാദവിനു മുന്നിൽ വീണു. വാലറ്റത്ത് പ്രതിരോധം പേരുനു മാത്രമായതോടെ പാക്കിസ്ഥാൻ കഷ്ടിച്ചാണു 100 പിന്നിട്ടത്. ഇന്നിങ്സിന്റെ അവസാന പന്തുകളിൽ ഷഹീൻ അഫ്രീദി ബൗണ്ടറികൾ കണ്ടെത്തിയതോടെ പാക്ക് സ്കോർ 114 ൽ എത്തി.
ടോസ് നഷ്ടപ്പെട്ട്ബാറ്റിങ്ങിന് ഇറങ്ങിയ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. 40 പന്തിൽ 77 റൺസടിച്ച ഇഷാൻ കിഷന്‍ അർധസെഞ്ചറി നേടി പുറത്തായി. മൂന്ന് സിക്സുകളും പത്ത് ഫോറുകളും ബൗണ്ടറി കടത്തിയ ഇഷാന്റെ ഇന്നിങ്സാണ് ഇന്ത്യയുടെ നട്ടെല്ല്. സൂര്യകുമാർ യാദവ് (29 പന്തിൽ 32), തിലക് വർമ (24 പന്തിൽ 25), ശിവം ദുബെ (17 പന്തിൽ 27) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാര്‍.
പവർപ്ലേ അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. അഭിഷേക് ശർമ റണ്ണൊന്നുമെടുക്കാതെ പുറത്തായി. പാക്ക് ക്യാപ്റ്റൻ സൽമാൻ ആഗയുടെ ആദ്യ ഓവറിലെ പന്തിൽ ഷഹീൻ അഫ്രീദി ക്യാച്ചെടുത്ത് അഭിഷേകിനെ പുറത്താക്കുകയായിരുന്നു. പിന്നാലെ ഇഷാൻ കിഷൻ തകർത്തടിച്ചു തുടങ്ങിയതോടെ ഇന്ത്യ പവർപ്ലേയിൽ മികച്ച സ്കോർ നേടുകയായിരുന്നു.
പവർപ്ലേയിലെ ആറോവറിൽ അഞ്ചും എറിഞ്ഞത് സ്പിന്നർമാരായിരുന്നു. കൊളംബോയിലെ സ്പിൻ പിച്ചിന്റെ ആനുകൂല്യം തുടക്കത്തിൽ തന്നെ മുതലാക്കാനായിരുന്നു പാക്ക് ടീമിന്റെ ശ്രമം. എന്നാൽ അധികം പരുക്കില്ലാതെ ഇന്ത്യ പിടിച്ചുനിന്നു. 27 പന്തുകളിൽ നിന്നാണ് ഇഷാൻ 50 തികച്ചത്. സ്കോർ 88ൽ നിൽക്കെ സയിം അയൂബിന്റെ പന്തിൽ ഇഷാൻ ബോൾഡായി മടങ്ങി. തിലക് വർമയും ക്യാപ്റ്റൻ സൂര്യകുമാര്‍യാദവും നിലയുറപ്പിച്ചതോടെ 11.1 ഓവറിൽ ഇന്ത്യ 100 പിന്നിട്ടു.
സ്കോർ 126ൽ നിൽക്കെ തിലകിനെയും ഹാർദിക് പാണ്ഡ്യയെയും പുറത്താക്കിയ പാക്ക് സ്പിന്നര്‍ സയിം അയൂബ് ഇന്ത്യയെ പ്രതിരോധത്തിലാക്കി. സ്പിന്നർമാരെ ഉപയോഗിച്ച് മധ്യ ഓവറുകളിൽ പാക്കിസ്ഥാൻ റണ്ണൊഴുക്കു നിയന്ത്രിച്ചു. അപ്പോഴും പുറത്താകാതെനിന്ന സൂര്യകുമാർ യാദവിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. 17 ഓവറുകൾ പിന്നിടുമ്പോൾ 140 ആയിരുന്നു ഇന്ത്യൻ സ്കോർ.
സ്കോർ 159 ല്‍ നിൽക്കെ പാക്കിസ്ഥാന്റെ മിസ്റ്ററി സ്പിന്നർ ഉസ്മാൻ താരിഖിനെ സിക്സടിക്കാൻ ശ്രമിച്ച സൂര്യയ്ക്കു പിഴച്ചു.സയിം അയൂബ് ക്യാച്ചെടുത്താണ് ഇന്ത്യൻ ക്യാപ്റ്റനെ മടക്കിയത്. ഷഹീൻ ഷാ അഫ്രീദി എറിഞ്ഞ 20–ാം ഓവറില്‍ ശിവം ദുബെയും റിങ്കു സിങ്ങും ചേർന്ന് 16 റൺസ് അടിച്ചതോടെ ഇന്ത്യ പൊരുതാവുന്ന സ്കോറിലേക്കെത്തി. ഈ ഓവറിലെ അവസാന രണ്ടു പന്തുകളില്‍ ശിവം ദുബെയും അക്ഷർ പട്ടേലും പുറത്തായി. നാലു പന്തിൽ 11 റൺസുമായി റിങ്കു സിങ് പുറത്താകാതെ നിന്നു.പാക്കിസ്ഥാനു വേണ്ടി സ്പിന്നര്‍മാരായ സയിം അയൂബ് മൂന്നും സൽമാൻ ആഗ, ഉസ്മാൻ താരിഖ് എന്നിവർ ഓരോ വിക്കറ്റുവീതവും വീഴ്ത്തി.
ഇന്ത്യ പ്ലേയിങ് ഇലവൻ– അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര.
പാക്കിസ്ഥാൻ പ്ലേയിങ് ഇലവൻ– സഹിബ്സദ ഫർഹാൻ (വിക്കറ്റ് കീപ്പർ), സയിം അയൂബ്, സൽമാൻ ആഗ (ക്യാപ്റ്റൻ), ബാബർ അസം, ശതാബ് ഖാൻ, ഉസ്മാൻ ഖാൻ, മുഹമ്മദ് നവാസ്, ഫഹീം അഷറഫ്, ഷഹീൻ ഷാ അഫ്രീദി, ഉസ്മാൻ താരിഖ്, അബ്രാർ അഹമ്മദ്.
Team India secured a dominant 61-run victory over arch-rivals Pakistan in a one-sided T20 World Cup Group A encounter. With this win, India has officially qualified for the Super Eight as the table-toppers of Group A. Batting first, India set a challenging target of 176 runs. In response, the Pakistani batting lineup crumbled under pressure, getting bowled out for just 114 runs in 18 overs. India’s clinical performance with both bat and ball ensured a comfortable passage to the next round of the tournament.

