മുംബൈ:വെസ്റ്റ് ഇന്‍ഡീസിനെതിരെ അടുത്ത മാസം നടക്കുന്ന ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും വിരാട് കോലിക്കും വിശ്രമം നല്‍കിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഒരിക്കല്‍ കൂടി ടി20 ടീമിനെ നയിക്കും. ഏകദിന ടീമിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണ്‍ ടി20 ടീമിലും ഇടം നേടി.
ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങളായ യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, മുകേഷ് കുമാര്‍ എന്നിവര്‍ ടി20 ടീമില്‍ ഇടം നേടിയപ്പോള്‍ ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും സ്ഥാനം നിലനിര്‍ത്തി. ഹാര്‍ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനാകുന്ന ടീമില്‍ സൂര്യകുമാര്‍ യാദവാണ് വൈസ് ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷനൊപ്പം ജിതേഷ് ശര്‍മ ടി20 ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒരിക്കല്‍ കൂടി സഞ്ജു സാംസണ് അവസരം നല്‍കാന്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
പേസര്‍മാരായ അര്‍ഷ്ദീപ് സിംഗും ആവേശ് ഖാനും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ മുഹമ്മദ് ഷമിക്ക് ടി20 ടീമിലും വിശ്രമം നല്‍കി. ഉമ്രാന്‍ മാലിക് ടി20 ടീമില്‍ തിരിച്ചെത്തിയപ്പോള്‍ സ്പിന്നറായ രവി ബിഷ്ണോയിയും ടീമില്‍ തിരിച്ചെത്തി. അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരും സ്പിന്നര്‍മാരായി ടീമിലുണ്ട്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, സൂര്യ കുമാർ യാദവ് , സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്, അവേഷ് ഖാൻ, മുകേഷ് കുമാർ.
Alert🚨: #TeamIndia's squad for T20I series against the West Indies announced. https://t.co/AGs92S3tcz
— BCCI (@BCCI) July 5, 2023
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടെസ്റ്റ്, ഏകദിന ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ ടി20 സ്‌ക്വാഡ് ബിസിസിഐ സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്നില്ല.ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്ക് ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ അഞ്ച് ട്വന്‍റി 20കളുള്ള പരമ്പര ഓഗസ്റ്റ് മൂന്നിനാണ് ആരംഭിക്കുക. ഓഗസ്റ്റ് 6, 8, 12, 13 തിയതികളിലാണ് മറ്റ് മത്സരങ്ങള്‍. ഇതില്‍ അവസാന രണ്ട് ടി20കള്‍ അമേരിക്കയിലെ ഫ്ലോറിഡയില്‍ വച്ചാണ് നടക്കുക.