കണ്ണൂര്‍: വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈനെതിരെ രൂക്ഷ വിമര്‍ശനവുമായി കഥാകൃത്ത് ടി. പദ്മനാഭന്‍. സിപിഐഎമ്മിന്റെ ഗൃഹ സന്ദര്‍ശനത്തിനായി പി. ജയരാജന്‍ എത്തിയപ്പോഴാണ് ടി. പദ്മനാഭന്‍ അതൃപ്തി അറിയിച്ചത്. വനിതാ കമ്മീഷന്‍ അധ്യക്ഷ 87 വയസുള്ള വൃദ്ധയെ അധിക്ഷേപിച്ചത് ക്രൂരമായി പോയി. കാറും വലിയ ശമ്പളവും നല്‍കി ഇവരെ നിയമിച്ചത് എന്തിനാണെന്ന് ടി. പദ്മനാഭന്‍ പി. ജയരാജനോട് ചോദിച്ചു.
കണ്ണൂര്‍ ജില്ലയില്‍ സിപിഐഎമ്മിന്റെ ഗൃഹ സന്ദര്‍ശന പരിപാടി ആരംഭിച്ചത് കഥാകൃത്ത് ടി. പദ്മനാഭന്റെ വീട്ടില്‍ നിന്നായിരുന്നു. പി. ജയരാജന്റെ നേതൃത്വത്തിലായിരുന്നു നേതാക്കള്‍ വീട്ടിലെത്തിയത്. ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായി ആശയ വിനിമയം നടത്തുന്നതിനിടെയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്കെതിരെ ടി. പദ്മനാഭന്‍ വിമര്‍ശനം ഉന്നയിച്ചത്.
ക്ഷമയും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണ് എം.സി. ജോസഫൈന്റേത്. വലിയ ശമ്പളവും കാറും നല്‍കി എന്തിനാണ് ഇവരെ നിയമിച്ചത്. ഈ വിമര്‍ശനത്തിന്റെ പേരില്‍ തനിക്കെതിരെ കേസ് എടുക്കാനും ജോസഫൈന്‍ മടിക്കില്ലെന്നും ടി. പദ്മനാഭന്‍ പരിഹസിച്ചു.