തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന പ്രഖ്യാപനവുമായി ടിഎൻ പ്രതാപൻ എംപി. ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായും പ്രതാപൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ‘എംപിയായി പ്രവർത്തിച്ച കാലത്തേക്കാൾ എംഎൽഎയായി പ്രവർത്തിച്ച കാലമാണ് കൂടുതൽ ജനങ്ങളെ സേവിക്കാനായത്.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്നെ മത്സരസ്ഥാനത്ത് നിന്നും മാറ്റുന്നതാകും ഉചിതമെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തൃശൂരിൽ നല്ല പകരക്കാരന്‍റെ പേര് തന്റെ മനസിലുണ്ട്. പക്ഷേ അത് നിശ്ചയിക്കേണ്ടത് ഹൈക്കമാൻഡായതിനാൽ പറയുന്നില്ല’. ആ സന്ദർഭത്തിൽ നേതൃത്വം തന്നോട് ആരാഞ്ഞാൽ മനസിലുള്ള ‘വിന്നിംഗ് കാൻഡിഡേറ്റിന്റെ’ പേര് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റ് കോൺഗ്രസ് നേതാക്കളിൽ നിന്നും വ്യത്യസ്തമായി എൻഎസ്എസിന് കൃത്യമായ മറുപടിയും പ്രതാപൻ നൽകി. ആര് സ്ഥാനാർത്ഥിയാകണമെന്ന് നിശ്ചയിക്കുന്നത് പാർട്ടിയും ജനങ്ങളുമാണ്. സാമുദായിക സംഘടനകൾ പാർട്ടിയുടെ ജനപ്രതിനിധികളെ നിശ്ചയിക്ക സ്ഥിതിയുണ്ടാകരുത്.
കോൺഗ്രസ് ഏതെങ്കിലും മതത്തിന്റെ സമുദായത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാമനാർത്ഥിയെ നിശ്ചയിക്കുന്ന പാർട്ടിയല്ല. മത-സാമുദായിക സംഘടനകൾ പാർട്ടിയുടെ ജനപ്രതിനിധികളെ നിശ്ചയിക്കരുതെന്നും പ്രതാപൻ എൻഎസ്എസിന് മറുപടിയായി പറഞ്ഞു.