ന്യൂഡല്‍ഹി: ടി.എന്‍. പ്രതാപനെ കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. തൃശ്ശൂര്‍ സിറ്റിങ് എം.പിയായ പ്രതാപന് പകരം കെ. മുരളീധരനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പ്രതാപനെ വര്‍ക്കിങ് പ്രസിഡന്റാക്കാനുള്ള നിര്‍ദേശം എ.ഐ.സി.സി. പ്രസിഡന്റ് അംഗീകരിച്ചു. നിയമനം സംബന്ധിച്ച് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പത്രക്കുറിപ്പ് ഇറക്കി.
നിലവില്‍ രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരാണ് കെ.പി.സി.സിക്കുള്ളത്. കൊടിക്കുന്നില്‍ സുരേഷ് എം.പിക്കു പുറമേ കല്‍പറ്റ എം.എല്‍.എ. ടി. സിദ്ദിഖും കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റാണ്.
സിറ്റിങ് എം.പിമാരെല്ലാം മത്സരിക്കാന്‍ തയ്യാറെടുക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ ടി.എന്‍. പ്രതാപന്‍ മണ്ഡലത്തില്‍ സജീവമാകുകയും ചുമരെഴുത്തുകള്‍ തുടങ്ങുകയും ചെയ്‌തെങ്കിലും അപ്രതീക്ഷിതമായാണ് കെ. മുരളീധരനെ തൃശ്ശൂരില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. കെ. മുരളീധരന്റെ സഹോദരി പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ പോയതിന്റെ പശ്ചാത്തലത്തിലായിരുന്നു നീക്കം.
വടകരയില്‍ സിറ്റിങ് എം.പി. കെ. മുരളീധരന് പകരം പാലക്കാട് എം.എല്‍.എ. ഷാഫി പറമ്പിലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. മത്സരരംഗത്തുനിന്ന് മാറിനില്‍ക്കുന്ന പ്രതാപന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് മാറിനിക്കണമെന്ന ആഗ്രഹം പ്രതാപന്‍ പ്രകടിപ്പിച്ചിരുന്നു.