കൊച്ചി: പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്ക് കിട്ടുന്ന നീതിയാണെന്ന വിശ്വാസം തനിക്കില്ലെന്ന് തൊടുപുഴ ന്യൂമാൻ കോളേജ് മലയാളം അധ്യാപകൻ ടി.ജെ. ജോസഫ്. രാജ്യത്തിന്റെ നീതി നടപ്പിലാകുന്നു എന്നാണ് മനസ്സിലാക്കുന്നത്. കെെപ്പത്തി വെട്ടിമാറ്റിയ കേസിൽ എൻ.ഐ.എ.. പ്രത്യേക കോടതി വിധി വന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
2015-ല്‍ ഈ കേസിന്റെ ആദ്യഘട്ട വിധി വന്നപ്പോള്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോഴും പറയാനുള്ളതെന്ന് ടി.ജെ. ജോസഫ് പറഞ്ഞു. ഒരു സാധാരണ പൗരനെന്ന നിലയില്‍ കേസിന്റെ പരിസമാപ്തി എന്താണെന്ന് അറിയണം. അത്ര മാത്രം കൗതുകമേ വിഷയത്തില്‍ തനിക്കുള്ളൂ. അതുകൊണ്ട് പ്രതികളെ ശിക്ഷിക്കുകയോ, ശിക്ഷിക്കാതിരിക്കുകയോ ചെയ്യുന്നതില്‍ എനിക്ക് വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ ഇല്ല.
ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതികള്‍ എന്നെപ്പോലെ ഇരയാക്കപ്പെട്ടവരാണ്. പ്രാകൃതമായ ഒരു വിശ്വാസത്തിന്റെ പേരിലാണ് അവര്‍ എന്നെ ഉപദ്രവിച്ചത് എന്നാണ് മനസ്സിലാക്കുന്നത്. അങ്ങിനെ ഗോത്രസ്വഭാവമുള്ള ഒരു പ്രാകൃത നിയമത്തിന് ഇരയായ എന്നെപ്പോലെ അവരും അതേ വിശ്വാസങ്ങൾക്ക് ഇരയായവരാണ്.
എല്ലാ മനുഷ്യരും ശാസ്ത്രബോധം ഉള്‍ക്കൊണ്ട് മാനവികതയിലും സാഹോദര്യത്തിലും പുലർന്ന് ആധുനിക പൗരന്മാരായിട്ട് മാറേണ്ട കാലം അതിക്രമിച്ചു. മനുഷ്യര്‍ പ്രാകൃതമായ വിശ്വാസങ്ങളില്‍നിന്ന് മോചിതരായി നല്ല മനുഷ്യരായിട്ട് മാറണമെന്ന് ആഗ്രഹിക്കുന്നു. ടി.ജെ. ജോസഫ് പറഞ്ഞു.
കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ രണ്ടാം പ്രതി സജൽ, മൂന്നാം പ്രതി നാസർ, അഞ്ചാം പ്രതി നജീബ് എന്നിവരടക്കം ആറ് പേര്‍ കുറ്റക്കാരാണെന്ന് എൻ.ഐ.എ. കോടതി കണ്ടെത്തി. കേസിൽ ഭീകരവാദ പ്രവർത്തനം തെളിഞ്ഞതായും കോടതി വ്യക്തമാക്കി. 2010 ജൂലായ് നാലിനാണു കേസിനാസ്പദമായ സംഭവം. ഒന്നാം ഘട്ട വിചാരണ നേരിട്ട പ്രതികളിൽ 13 പേരെ കോടതി ശിക്ഷിച്ചിരുന്നു. 18 പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. 2015-നുശേഷം അറസ്റ്റിലായ 11 പ്രതികളുടെ വിചാരണയാണ് ഇപ്പോൾ പൂർത്തിയാവുന്നത്.