കല്പറ്റ: വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ (ഡിസിസി) പുതിയ അധ്യക്ഷനായി ടി.ജെ. ഐസക്കിനെ തിരഞ്ഞെടുത്തു. തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിച്ചു. താൽക്കാലിക ചുമതല നൽകുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട്, എഐസിസി നേരിട്ട് സ്ഥിരം അധ്യക്ഷനെ പ്രഖ്യാപിക്കുകയായിരുന്നു. കല്പറ്റ നഗരസഭയുടെ ചെയർമാനാണ് ടി.ജെ. ഐസക്.
ജില്ലയിൽ ഒരു താൽക്കാലിക അധ്യക്ഷനെ നിയമിക്കുമെന്നായിരുന്നു കോൺഗ്രസ് വൃത്തങ്ങളിൽ നിന്നുള്ള വിവരം. എന്നാൽ, വളരെ പെട്ടെന്നുള്ള തീരുമാനത്തിലൂടെയാണ് എഐസിസി സ്ഥിരം നിയമനം നടത്തിയിരിക്കുന്നത്. ടി. സിദ്ദിഖ് എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾ ഐസക്കിനെ പിന്തുണച്ചിരുന്നുവെന്നാണ് വിവരം.
പാർട്ടിയെ വരാനിരിക്കുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിന് സജ്ജമാക്കുകയാണ് പ്രധാന ദൗത്യമെന്ന് ടി.ജെ. ഐസക് പ്രതികരിച്ചു. ജില്ലയിലെ സമീപകാല സംഭവവികാസങ്ങൾ പരിഹരിച്ച് പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്നും, പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളൊന്നും നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ഡിസിസിയിൽ നിലനിന്നിരുന്ന രാഷ്ട്രീയ കോലാഹലങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് അധ്യക്ഷ സ്ഥാനത്ത് നിന്ന് എൻ.ഡി. അപ്പച്ചൻ രാജിവെച്ചതിന് പിന്നാലെയാണ് പുതിയ അധ്യക്ഷനായി ടി.ജെ. ഐസകിനെ നിയമിച്ചത്. സമീപകാല സംഭവങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും താൻ നേരത്തെ തന്നെ രാജിസന്നദ്ധത അറിയിച്ചിരുന്നതായും അപ്പച്ചൻ അവകാശപ്പെട്ടെങ്കിലും ഹൈക്കമാൻഡിന്റെയും കെപിസിസി നേതൃത്വത്തിന്റെയും ഇടപെടലാണ് രാജിക്ക് പിന്നിലെന്നാണ് സൂചന.


