കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിയില്‍ പ്രതികരിച്ച് അതിജീവിതയുടെ അഭിഭാഷകയായ ടി.ബി മിനി. കേരള സമൂഹത്തിനാകെ സ്വീകാര്യമല്ലാത്ത വിധിയാണിതെന്ന് ടി ബി മിനി പറഞ്ഞു.
മാസ്റ്റർ കോൺസ്പിരേറ്റർ ആയിട്ടുള്ള ആളെ വെറുതെ വിട്ട് മറ്റു പ്രതികൾക്ക് ശിക്ഷ കൊടുക്കുമ്പോൾ ഉണ്ടാകുന്ന പ്രയാസമാണ് അനുഭവിക്കുന്നതെന്നും ടി ബി മിനി പ്രതികരിച്ചു. ‘പ്രതികളുടെ പ്രായം, അവരുടെ ഭാര്യ, അവരുടെ കുഞ്ഞുങ്ങൾ… എന്നാല്‍ വിവാഹം പോലുംകഴിക്കാത്ത ഒരു പെൺകുട്ടിയെ അർദ്ധരാത്രി പിച്ചിച്ചീന്തിയവരോട് സഹതാപം. വിധി കേരള സമൂഹത്തിനാകെ സ്വീകാര്യമല്ലാത്ത ഒരു വിധിയാണ്. ഞാൻ സ്വീകരിക്കുന്നില്ല’- ടിബി മിനി പറഞ്ഞു.
‘സൗമ്യ കേസ് സുപ്രീം കോടതിവരെ പോയപ്പോൾ കൊലപാതകം മാത്രമാണ് ഒഴിവാക്കപ്പെട്ടത്. മരണം വരെ ജീവപര്യന്തം ഒറ്റക്ക് അനുഭവിക്കുകയാണയാൾ. ആ കേസിനേക്കാൾ ക്രൂരമായതാണ് ഇത്. എന്നാൽ അത് സൊസൈറ്റിയോടുള്ള കമ്മിറ്റ്മെൻ്റ് ഉള്ള വിധിയായിരുന്നു. ഒരുപക്ഷേ അയാളെ കൊന്നു കളഞ്ഞിരുന്നെങ്കിൽ ഇത്രയും അയാൾക്ക് ശിക്ഷാകാഠിന്യം ഉണ്ടാവില്ല’- ടിബി മിനി പ്രതികരിച്ചു.
പ്രതികരണം കോടതിയലക്ഷ്യമാകുമെന്നുള്ളതുകൊണ്ടും അപ്പീൽ പോകുമ്പോൾ അതിജീവിതയ്ക്ക് പ്രശ്നം ഉണ്ടാകരുത് എന്നുള്ളതുകൊണ്ടും കൂടുതൽ പറയുന്നില്ലെന്നും ടിബി മിനി പറഞ്ഞു. തൻ്റെ വക്കാലത്തിൻ്റെ കാലാവധി കഴിയുന്നതോടെ കൂടുതല്‍ കാര്യങ്ങൾ പുറത്തുപറയുമെന്നും ടിബി മിനി കൂട്ടിച്ചേർത്തു.


