സീറോ മലബാര്‍ സഭ ഭൂമി കേസ്: പരാതിക്കാരൻ ‘ഫോറം ഷോപ്പിങ്’ നടത്തിയെന്ന് മാർ ആലഞ്ചേരി സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ പരാതിക്കാരനായ ജോഷി വര്‍ഗീസ് ‘അനുകൂല കോടതി’യെ സമീപിച്ച് വിധി സമ്പാദിക്കാന്‍ ശ്രമിച്ചെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി. സുപ്രീം കോടതിയിലാണ് കര്‍ദിനാള്‍ ആലഞ്ചേരിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂതറ ഈ ആരോപണം ഉന്നയിച്ചത്.

പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് കാനോന്‍ നിയമ പ്രകാരം അധികാരമുണ്ടെന്ന് സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയും സീറോ മലബാര്‍ സഭയുടെ താമരശ്ശേരി രൂപതയും സുപ്രീംകോടതിയില്‍ വാദിച്ചു. കേസില്‍ ബുധനാഴ്ചയും കോടതിയില്‍ വാദം തുടരും.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മരട് ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ആയിരുന്നു പരാതിക്കാരന്‍ ആദ്യം കേസ് ഫയല്‍ ചെയ്തിരുന്നത്. ആ കേസ് തള്ളിയിരുന്നു. എന്നാല്‍ ഇക്കാര്യം മറച്ചുവെച്ചാണ് പരാതിക്കാരന്‍ കാക്കനാട് ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ആറ് പുതിയ കേസുകള്‍ ഫയല്‍ചെയ്തതെന്ന് കര്‍ദിനാളിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂതറ കോടതിയില്‍ ആരോപിച്ചു. അനുകൂല കോടതിയെ സമീപിച്ച് വിധി സമ്പാദിക്കല്‍ (ഫോറം ഷോപ്പിങ്) ആയിരുന്നു പരാതിക്കാരന്റെ ലക്ഷ്യമെന്ന് ലൂതറ ആരോപിച്ചു.

റോമന്‍ കത്തോലിക്കാ പള്ളികളുടെ ഭൂമിയുടെ ക്രയവിക്രയം നടത്താന്‍ അധികാരം ബിഷപ്പുമാര്‍ക്കാണെന്ന് സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയും സീറോ മലബാര്‍ സഭയുടെ താമരശ്ശേരി രൂപതയും സുപ്രീം കോടതിയില്‍ വാദിച്ചു. കാനോന്‍ നിയമ പ്രകാരം ബിഷപ്പുമാര്‍ക്കുള്ള ഈ അധികാരം കേരള ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്. ഹൈക്കോടതി വിധിക്ക് എതിരായ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ആണെങ്കിലും വിധി സ്റ്റേ ചെയ്തിട്ടില്ല. സഭാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരായ കേസില്‍ പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന നിലപാട് തെറ്റാണെന്നും രൂപതകള്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.

പള്ളി ഭൂമികള്‍ പൊതു ട്രസ്റ്റിന്റെ ഭാഗമായിവരുമെന്നും സിവില്‍ നടപടി ചട്ടത്തിലെ 92-ാം വകുപ്പ് ബാധകമായിരിക്കുമെന്നും ഹൈക്കോടതി വിധിച്ചത് തങ്ങളുടെ വാദം കേള്‍ക്കാതെയാണെന്ന് രൂപതകള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു.

തീര്‍പ്പാക്കി വിധിപറഞ്ഞ കേസില്‍ ഹൈക്കോടതി തുടര്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയാണെന്ന് രൂപതകള്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സി.യു സിങ്, അഭിഭാഷകന്‍ റോമി ചാക്കോ, വി.എസ് റോബിന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികളില്‍ വാദംകേള്‍ക്കുന്നത്. ഹര്‍ജികളില്‍ നാളെയും വാദം തുടരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News