ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച് തലസ്ഥാനത്ത് വീണ്ടും ഒരു കൊലപാതകം. സ്വിറ്റ്സർലാൻഡ് വംശജയായ ലെന ബർഗർ എന്ന യുവതിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. 30കാരിയായ ഇവരുടെ മൃതദേഹത്തിന്റെ ഭാഗങ്ങൾ പശ്ചിമ ഡൽഹിയിലെ തിലക് നഗർ ഭാഗത്ത് നിന്നും വെള്ളിയാഴ്ച കണ്ടെത്തിയത്.
മൃതദേഹത്തിന്റെ അരയ്ക്ക് മുകളിലേക്കുള്ള പാതി ഭാഗം ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ഉണ്ടായിരുന്നത്. അതിന് പുറമെ, കൈകളും കാലുകളും ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിലുമായിരുന്നുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇവരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഗുർപ്രീത് സിങ്ങിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളിൽ നിന്നും രണ്ട് കോടി രൂപ കണ്ടെത്തിയതായും അറിയിച്ചിട്ടുണ്ട്. ഇവർ ഇരുവരും തമ്മിൽ ദീർഘനാളായി അടുപ്പത്തിലായിരുന്നുവെന്നും ഡൽഹി പോലീസ് വ്യക്തമാക്കി. ആദ്യ ചോദ്യം ചെയ്യലിൽ തന്നെ പ്രതി കുറ്റം സമ്മതിച്ചതായും ഡൽഹി പോലീസ് അറിയിച്ചു.
യുവതിയെ കാണുന്നതിനായി ഇയാൾ പലപ്പോഴായി സ്വിറ്റ്സർലാൻഡിൽ പോയിരുന്നുവെന്നും പോലീസ് പറഞ്ഞു. ലെനയ്ക്ക് മറ്റാരെങ്കിലുമായി അടുപ്പമുണ്ടോ എന്ന സംശയമാണ് ഒരു കൊലപാതകത്തിലേക്ക് എത്തിച്ചത് എന്നാണ് പോലീസ് പറയുന്നത്.
കൊലപാതകം ആസൂത്രണം ചെയ്ത ഗുർപ്രീത് ലെനയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ മാസം 11നാണ് ലെന ഇന്ത്യയിലേക്ക് എത്തുന്നത്. ഇന്ത്യയിൽ എത്തി അഞ്ച് ദിവസത്തിന് ശേഷമാണ് കൊലപാതകമുണ്ടായിരിക്കുന്നത്.
യുവതിയെ ഒരു മുറിയിലേക്ക് എത്തിച്ച ഗുർപ്രീത് മാജിക് കാണിക്കാമെന്ന് പറഞ്ഞ് പ്രതി യുവതിയുടെ കൈകാലുകൾ കെട്ടുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായി. കൊലയ്ക്ക് പിന്നാലെ യുവതിയുടെ മൃതദേഹം തന്റെ കാറിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. ഇയാളുടെ പക്കൽ തന്നെയായിരുന്നു ലെനയുടെ തിരിച്ചറിയൽ രേഖയും ഉണ്ടായിരുന്നത്. എന്നിരുന്നാലും മൃതദേഹം ജീർണിച്ച് കാറിൽ നിന്നും ദുർഗന്ധം വമിച്ചതോടെയാണ് ഇത് ഒഴിവാക്കാൻ തീരുമാനിച്ചത്. തുടർന്ന്, മൃതദേഹം വഴിയരികിൽ ഉപേക്ഷിക്കുകയുമായിരുന്നു.