മുംബൈ:: ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി 380 ജീവനക്കാരെ പിരിച്ചുവിട്ടു. സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടൽ എന്നാണ് റിപ്പോർട്ട്. സ്വിഗിയുടെ 6,000 തൊഴിലാളികളില്‍ നിന്നും എട്ട് മുതൽ പത്ത് ശതമാനം വരെയുള്ള തൊഴിലാളികളാണ് കമ്പനിയിൽ നിന്നും പുറത്തേക്ക് പോകുന്നത്.
ടീമിന്റെ വലുപ്പം കുറയ്ക്കുന്നതിനുള്ള വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാണ് ഇപ്പോൾ നടപ്പിലാക്കുന്നത് എന്നും ഈ പ്രക്രിയയിൽ 380 ജീവനക്കാരോട് വിട പറയും എന്നും ജീവനക്കാർക്ക് അയച്ച കത്തിൽ സഹസ്ഥാപകൻ ശ്രീഹർഷ മജെറ്റി പറഞ്ഞു. വിപണിയിലെ വെല്ലുവിളി ജോലികൾ വെട്ടിക്കുറയ്ക്കാൻ ഒരു കാരണമായതായി അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഭക്ഷ്യ വിതരണത്തിനുള്ള വളർച്ചാ നിരക്ക് മന്ദഗതിയിലാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരു പുനർ നിർമ്മാണത്തിനാണ് കമ്പനി ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറച്ച് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. സ്വിഗ്ഗി സൂചിപ്പിച്ച പ്രധാന കാരണങ്ങളിലൊന്ന് വിപണിയിലെ വെല്ലുവിളികളാണ്. ക്ഷ്യ വിതരണത്തിനുള്ള വളർച്ചാ നിരക്ക് കുറഞ്ഞു, ഇത് ലാഭം കുറയാനും വരുമാനം കുറയാനും ഇടയാക്കിയതായി കമ്പനി വെളിപ്പെടുത്തി. പിരിച്ചു വിട്ട ജീവനക്കാരോട് ക്ഷമ ചോദിക്കുന്നതായും കമ്പനി പറഞ്ഞു.
ആഗോള തലത്തിൽ തന്നെ പിരിച്ചു വിടലുകൾ തുടന്നുകൊണ്ടിരിക്കുകയാണ്. മെറ്റാ, ട്വിറ്റർ, ആമസോൺ തുടങ്ങിയ ടെക് ഭീമന്മാർ കഴിഞ്ഞ കുറച്ച് മാസങ്ങളായി ആയിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. 2023-ൽ ഇതുവരെ ലോകമെമ്പാടുമുള്ള 24,000-ത്തിലധികം തൊഴിലാളികളെ വിവിധ സ്ഥാപനങ്ങൾ പിരിച്ചുവിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഷെയർചാറ്റ് 20 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങന്നതായും റിപ്പോർട്ടുണ്ട്.