തിരുവനന്തപുരം: താരസംഘടന ‘അമ്മ’യിലെ ആഭ്യന്തരതർക്കങ്ങളിൽ ബി.ജെ.പി.യെ വലിച്ചിഴയ്ക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്. ഇടനിലക്കാരെവെച്ച് കോടികൾ കൊടുത്ത് സിനിമാക്കാരെ വശത്താക്കേണ്ട ഗതികേട് ഇന്ത്യ ഭരിക്കുന്ന പാർട്ടിയായ ബി.ജെ.പി.ക്കില്ലെന്ന് സുരേഷ് പറഞ്ഞു. ശ്വേതാ മേനോൻ ബി.ജെ.പി. പ്രതിനിധി എന്ന നിലയിൽ അല്ല ‘അമ്മ’ പ്രസിഡന്റ് ആയത്. ശ്വേത ദേശീയവാദിയും നരേന്ദ്രമോദി ഭക്തയുമാണ്. എന്നാൽ ബി.ജെ.പി. അംഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘സിനിമാ മേഖലയിൽ അനാവശ്യമായി ബി.ജെ.പി.യെ വലിച്ചിഴയ്ക്കാനുള്ള പ്രവണത നടക്കുന്നു. ആ ശ്രമം നടത്തുന്നവർക്കെതിരെ ബി.ജെ.പി. അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. എത്രയും പെട്ടെന്ന് ഈ പ്രവണത അവസാനിപ്പിക്കണമെന്ന് ഉത്തരവാദിത്തപ്പെട്ടവരോട് ബി.ജെ.പി. ആവശ്യപ്പെടുന്നു. ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് സിനിമാക്കാരെ വശത്താക്കേണ്ട ഗതികേട് ഇന്ത്യ ഭരിക്കുന്ന ബിജെപിക്കില്ല. സുരേഷ് ഗോപി ഇന്നും സിനിമാ മേഖലയിൽ സജീവമായിരുന്നെങ്കിൽ അദ്ദേഹത്തിന് എത്രയോ കോടികൾ ഉണ്ടാക്കാമായിരുന്നു. ആ കോടികൾ തൃണവത്കരിച്ചുകൊണ്ടാണ് ദേശീയതയ്ക്കും നരേന്ദ്രമോദിക്കും ബി.ജെ.പി.ക്കുമൊപ്പം വരാൻ സുരേഷ് ഗോപി തയ്യാറായത്’, സുരേഷ് പറഞ്ഞു.
‘ബി.ജെ.പി.യുടെ പ്രതിനിധി എന്ന നിലയിൽ അല്ല ശ്വേതാ മേനോൻ ‘അമ്മ’ പ്രസിഡന്റ് ആയത്. ശ്വേതാ മേനോൻ ദേശീയവാദിയാണെന്ന് ഞങ്ങൾക്ക് അറിയാം. ശ്വേത നരേന്ദ്രമോദി ഭക്തയാണെന്നും അറിയാം. അവർ ബി.ജെ.പി. അംഗമല്ല. ബി.ജെ.പി.ക്കാരിയല്ല. അങ്ങനെയൊരു വനിതയെ സാങ്കൽപ്പിക ബി.ജെ.പി.ക്കാരിയായി ചിത്രീകരിച്ച്, ‘അമ്മ’യുടെ പ്രസിഡന്റായപ്പോൾ ബി.ജെ.പി. സംഘടന പിടിച്ചെടുക്കാൻ ശ്രമിക്കുന്നു എന്ന് വ്യാഖ്യാനിച്ച് അതിന്റെ പേരിൽ ഒരുകൂട്ടം മാധ്യമപ്രവർത്തകരും രാഷ്ട്രീയ താത്പര്യമുള്ള സിനിമാക്കാരും കഥകൾ മെനഞ്ഞുകൂട്ടുകയാണ്. സി.പി.എമ്മിന്റെ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ എം.പി.യായ ഇന്നസെന്റ് ‘അമ്മ’യുടെ പ്രസിഡന്റ് ആയപ്പോൾ ‘അമ്മ’ പിടിക്കാൻ സിപിഎം വിട്ട ആളാണ് അദ്ദേഹമെന്ന് ബി.ജെ.പി. പറഞ്ഞിട്ടില്ല എന്നാണ് ഞങ്ങൾക്ക് അവരോട് പറയാനുള്ളത്. കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിൽ ജയിച്ച പിഷാരടി ‘അമ്മ’ അഡ്‌ഹോക് കമ്മിറ്റി ചുമതലക്കാരൻ ആയപ്പോൾ കോൺഗ്രസ് പുറംവാതിലിലൂടെ ‘അമ്മ’ പിടിച്ചെടുക്കാൻ ശ്രമിക്കുന്നു എന്ന് ഒരു ബി.ജെ.പി. നേതാവും പറഞ്ഞില്ല’, സുരേഷ് അവകാശപ്പെട്ടു.
‘ഞങ്ങൾ ഒരു മാന്യത പാലിച്ചിട്ടുണ്ട്. ‘അമ്മ’ സിനിമാ മേഖലയിലുള്ള ആളുകളുടെ സംഘടനയാണ്. ആ സംഘടനയ്ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളും പ്രതിസന്ധികളുമുണ്ടെങ്കിൽ അതിന്റെ പ്രതിവിധി കണ്ടുപിടിക്കാൻ യോഗ്യരായ ആളുകൾ സിനിമാ മേഖലയിൽ തന്നെയുണ്ട്. അതിൽ ബി.ജെ.പി. രാഷ്ട്രീയം കലർത്തേണ്ട, രാഷ്ട്രീയ ഇടപെടൽ വേണ്ട എന്ന മാന്യമായ പക്വതയുള്ള സമീപനമാണ് ഇന്നേവരെ സിനിമാ മേഖലയിലെ പ്രശ്‌നങ്ങളിൽ ബി.ജെ.പി. അവലംബിച്ചിട്ടുള്ളത്. ആ മാന്യത സിനിമാ മേഖലയിലുള്ള ആളുകൾ പാലിക്കണമെന്നാണ് ബി.ജെ.പി.ക്കെതിരെ ആരോപണം ഉന്നയിക്കുന്ന സിനിമാ മേഖലയിലുള്ള രാഷ്ട്രീയക്കാരോട് ഞങ്ങൾക്ക് പറയാനുള്ളത്. ആവർത്തിക്കരുത്, അവസാനിപ്പിക്കണം. സിനിമാ മേഖലയിലെ പ്രശ്‌നങ്ങളിൽ ബി.ജെ.പി. പ്രതികരിച്ചു തുടങ്ങിയാൽ ഇവിടുത്തെ പലരുടെയും മുഖംമൂടി പിച്ചിച്ചീന്തപ്പെടുമെന്ന് ബി.ജെ.പി. ഓർമിപ്പിക്കുകയാണ്. അതുകൊണ്ട് ഞങ്ങളെ വിട്ടേക്ക്. ബി.ജെ.പി.യെ വലിച്ചിഴയ്ക്കാൻ നിൽക്കരുത്’, അദ്ദേഹം കൂട്ടിച്ചേർത്തു.
താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് ശ്വേതാ മേനോൻ താരങ്ങളെ സ്ഥാനാർഥിയാക്കാമെന്ന് വാഗ്ദാനംചെയ്ത് ബി.ജെ.പി.യിൽനിന്ന് രണ്ടുകോടി രൂപ വാങ്ങിയെന്ന് ആരോപണമുയർന്നിരുന്നു. അദാനി ഗ്രൂപ്പിൽനിന്ന് 15 കോടി രൂപ സംഘടനയുടെ പേരിൽ വാങ്ങാൻ ശ്രമിച്ചുവെന്ന് മാലാ പാർവതി, അൻസിബ ഹസൻ, ഉഷ ഹസീന എന്നിവർ കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ ആരോപിച്ചു. സ്ഥാനാർഥിത്വം വാഗ്ദാനംചെയ്ത് ശ്വേത തുക വാങ്ങിയെന്ന ആരോപണം സംഘടനായോഗത്തിൽ നടൻ ബാബുരാജാണ് ഉന്നയിച്ചതെന്ന് മാലാ പാർവതി പറഞ്ഞു.
അദാനി ഗ്രൂപ്പിൽനിന്ന് ‘അമ്മ’യ്ക്ക് സംഭാവനയായി 15 കോടി ലഭിക്കുമെന്ന് ബി.ജെ.പി. നേതാവ് പദ്മജ മേനോൻ ഒരു അഭിമുഖത്തിൽ പറയുന്നത് മാലാ പാർവതി പത്രസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. ശ്വേതയ്ക്ക് ഏത് പാർട്ടിയിലും പ്രവർത്തിക്കാം. പാർട്ടിയുടെ അജൻഡകൾ ‘അമ്മ’ യിൽ നടപ്പാക്കാൻ ശ്രമിച്ചാൽ എതിർക്കും. അത് ചോദ്യംചെയ്തതിന്റെ പേരിലാണ് അൻസിബയെ വർഗീയവാദിയാക്കിയതെന്നും മാലാ പാർവതി ആരോപിച്ചിരുന്നു.


