തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അഭിഭാഷകയെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. തിങ്കളാഴ്ച ഹാജരാകാൻ തിരുവനന്തപുരം സ്വദേശി ദിവ്യയ്ക്ക് കസ്റ്റംസ് നോട്ടീസ് നൽകി. സ്വപ്‌ന സുരേഷ് നൽകിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഭിഭാഷകയേയും ചോദ്യം ചെയ്യുന്നത്. ഹൈക്കോടതിയിൽ കസ്റ്റംസ് ഹൈക്കമ്മീഷണർ ഇന്നലെ നൽകിയ സത്യവാങ്മൂലത്തിൽ ദിവ്യയുടെ പേരും പറയുന്നുണ്ട്.
സ്വർണക്കടത്തിലും ഡോളർ കടത്തിലും അഭിഭാഷകയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ഇവർ പല ഘട്ടങ്ങളായി സ്വപ്‌ന സുരേഷിനേയും സന്ദീപിനേയും ഫോണിൽ വിളിച്ചതായി നേരത്തെ കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ. ബാങ്ക് രേഖകളും പാസ്‌പോർട്ടും ഹാജരാക്കാനും നിർദ്ദേശിച്ചു. എട്ടിന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് ഹാജരാകേണ്ടത്.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലുള്ള സത്യവാങ്മൂലമാണ് കസ്റ്റംസ് കമ്മീഷണർ കോടതിയിൽ സമർപ്പിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കറോട് നേരിട്ട് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാവാനാവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. ഇടപാടുകൾ മുഖ്യമന്ത്രിയുടേയും സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെയും നിർദേശപ്രകാരമാണ്. പല ഉന്നതർക്കും കമ്മീഷൻ കിട്ടിയെന്നും സ്വപ്ന മൊഴിയിൽ പറയുന്നു.
സ്വര്‍ണക്കടത്ത് കേസിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യാനായി നോട്ടീസ് നൽകിയിരുന്നു.ചോദ്യം ചെയ്യല്ലിനായി അടുത്ത ആഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകണമെന്ന് കാണിച്ചാണ വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് നൽകിയത്.
യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് വാങ്ങി കൊടുത്ത അഞ്ച് ഐഫോണുകളിൽ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്നാണ് കസ്റ്റംസിൻ്റെ കണ്ടെത്തൽ 1.13 ലക്ഷം രൂപ വില വരുന്ന ഐഫോണാണ് വിനോദിനി ഉപയോഗിച്ചത്. സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ഐഫോണുകളിൽ ഏറ്റവും വില കൂടിയ ഫോണായിരുന്നു ഇത്.
സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തയായതിന് പിന്നാലെ ഈ ഫോണ്‍ സ്വിച്ച് ഓഫായെങ്കിലും IMEI നമ്പർ ഉപയോഗിച്ച് കസ്റ്റംസ് സിം കാർഡും അതുപയോഗിച്ച ആളേയും കണ്ടെത്തിയെന്നാണ് സൂചന. നേരത്തെ തന്നെ ഈ ഐഫോണിനെ ചൊല്ലി വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു. ഡോളര്‍ കടത്തിലും സ്വര്‍ണക്കടത്തിലും ലൈഫ് മിഷനിലും ഇടപെട്ടതിന് സ്വപ്നയ്ക്ക് കൈക്കൂലി എന്ന നിലയിലാണ് സന്തോഷ് ഈപ്പൻ ഐഫോണുകൾ വാങ്ങി നൽകിയത് എന്നാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ.
മേൽപ്പറഞ്ഞ വിവാദങ്ങസംഭവങ്ങൾ നടന്ന സമയത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയായിരുന്ന വ്യക്തിക്ക് അതിൻ്റെ പങ്ക് ലഭിച്ചു എന്നത് സിപിഎമ്മിനേയും സര്‍ക്കാരിനേയും ഒരേപോലെ പ്രതിരോധത്തിലാക്കും. മുഖ്യമന്ത്രിക്കും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തിൽ പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് രഹസ്യമൊഴി നൽകിയതായി ഇന്നലെ കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് കസ്റ്റംസ് ഓഫീസുകളിലേക്ക് സിപിഎം പ്രതിഷേധ മാര്‍ച്ചുകൾ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് തുടങ്ങാൻ മിനിറ്റുകൾ ബാക്കിനിൽക്കേയാണ് കോടിയേരിയുടെ ഭാര്യക്കെതിരെ നിര്‍ണായക വെളിപ്പെടുത്തൽ വരുന്നത്.