കൊച്ചി: മാനനഷ്ടക്കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നൽകിയ വക്കീൽ നോട്ടിസിന് മറുപടിയുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ചില്ലിക്കാശു പോലും നഷ്ടപരിഹാരം നൽകില്ലെന്നും മാപ്പു പറയില്ലെന്നുമാണ് സ്വപ്ന അറിയിച്ചിരിക്കുന്നത്. സ്വപ്നയുടെ അഭിഭാഷകൻ ആർ.കൃഷ്ണരാജ് ആണ് വിശദമായ മറുപടിക്കത്ത് തയാറാക്കിയത്.
‘‘മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് ഏതു നിയമ നടപടികളും നേരിടാൻ തയാറാണ്. ഫെയ്സ്ബുക് ലൈവിൽ എല്ലാ വിവരങ്ങളും വളരെ വ്യക്തമായി മലയാളത്തിൽതന്നെ പറയുന്നുണ്ട്. പറഞ്ഞ കാര്യങ്ങൾ വീണ്ടും കേൾക്കണം. വിജയ് പിള്ള പറഞ്ഞ കാര്യങ്ങൾ മാത്രമാണ് വെളിപ്പെടുത്തിയത്. എം.വി.ഗോവിന്ദനാണ് വിജയ് പിള്ളയെ അയച്ചതെന്ന് ഒരിടത്തും പറയുന്നില്ല.
വിജയ് പിള്ള വഴി എം.വി.ഗോവിന്ദൻ ബന്ധപ്പെട്ടുവെന്നും പറയുന്നില്ല. വാഗ്ദാനങ്ങൾ നിരസിച്ചാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഗോവിന്ദൻ പറഞ്ഞുവെന്ന് വിജയ് പിള്ള പറഞ്ഞതായാണ് അറിയിച്ചത്. എന്താണ് പറഞ്ഞതെന്ന് വ്യക്തമായി മനസ്സിലാക്കാതെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എം.വി.ഗോവിന്ദന്റെ ദൂതനായാണ് വിജയ് പിള്ള വന്നതെന്ന് എവിടെയും പറയുന്നില്ല.
വിജയ് പിള്ളയുമായി ഗോവിന്ദനോ കുടുംബത്തിനോ ബന്ധമുണ്ടെന്നും പറഞ്ഞിട്ടില്ല. ഒരു കോടി രൂപയുടെ പത്ത് ശതമാനം കോടതി ഫീസ് ആയി അടച്ച് കേസ് ഫയൽ ചെയ്യുന്നതിനായി കാത്തിരിക്കുകയാണ്.’’– സമൂഹമാധ്യമത്തിലൂടെ സ്വപ്ന പുറത്തുവിട്ട കത്തിൽ വ്യക്തമാക്കി.