കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ അടുത്ത മാസം എട്ട് വരെ കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ നാലു ദിവസമായി എന്‍ഐഎയുടെ കസ്റ്റഡിയിലായിരുന്നു സ്വപ്ന സുരേഷ്. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. വിയൂര്‍ സെന്റര്‍ ജയിലിലേക്ക് പോകാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ സ്വപ്നയെ കാക്കനാട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സ്വപ്നയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. കേസ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി സ്വപ്നയെ വിശദമായി ചോദ്യം ചെയ്യണമെന്ന എന്‍ഐഎയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കസ്റ്റഡി അനുവദിച്ചത്. രണ്ട് ദിവസം നടത്തിയ തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷം വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ വിളിച്ചുവരുത്തി ഇരുവരെയും സമാന്തരമായി എന്‍ഐഎ ചോദ്യം ചെയ്തിരുന്നു.
ശിവശങ്കറുമായി ബന്ധപ്പെട്ടുള്ള സ്വപ്നയുടെ മൊഴികളും ഡിജിറ്റല്‍ തെളിവുകളും സംബന്ധിച്ചാണ് ശിവശങ്കറില്‍ നിന്ന് എന്‍ഐഎ ചോദിച്ചറിഞ്ഞത്. സ്വപ്നയുടെയും മറ്റ് പ്രതികളുടെയും മൊബൈല്‍ ഫോണുകളില്‍നിന്നും ലാപ്‌ടോപ്പില്‍ നിന്നു വീണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്. സ്വപ്ന മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴികളിലെ വൈരുദ്ധ്യവും എന്‍ഐഎ ചോദിച്ചറിഞ്ഞു.
അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും നാല് ദിവസമാണ് കോടതി അനുവദിച്ചത്. നിലവില്‍ സ്വപ്നയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. കസ്റ്റഡി സമയത്ത് വീട്ടുകാരുമായി കാണാനുള്ള അവസരം എന്‍ഐഎ ഒരുക്കിയിരുന്നു.