തൊടുപുഴ: പുതിയ ജോലി ലഭിച്ചതിനു പിന്നിലെ വിവാദങ്ങളെക്കുറിച്ച് ഒന്നും അറിയില്ലെന്നു സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്.വെള്ളിയാഴ്ചയാണു സ്വപ്ന തൊടുപുഴയിലെ ഓഫിസിലെത്തി എച്ച്ആര്‍ഡിഎസ് ഡയറക്ടറായി ചുമതലയേറ്റത്. ഇപ്പോള്‍ താന്‍ എച്ച്ആര്‍ഡിഎസിന്റെ ജോലിക്കാരിയാണെന്നു സ്വപ്ന പ്രതികരിച്ചു.
ഈ സ്ഥാപനവുമായി നേരത്തേ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. പ്രതിസന്ധി ഘട്ടത്തില്‍ ലഭിച്ച സഹായമാണു ജോലിയെന്നും സ്വപ്ന മാധ്യമങ്ങളോടു പറഞ്ഞു. ജോലി ലഭിക്കുന്നതിനായി ഒരുപാടു പേരെ സമീപിച്ചിരുന്നു. ജോലി തരാന്‍ പേടിയാണെന്നു പലരും പറഞ്ഞു. അനില്‍ എന്നൊരു സുഹൃത്ത് വഴിയാണ് എച്ച്ആര്‍ഡിഎസില്‍ ജോലിക്ക് അവസരം കിട്ടിയത്.
രണ്ടു റൗണ്ട് അഭിമുഖങ്ങള്‍ക്കു ശേഷമായിരുന്നു നിയമനം. സ്ഥാപനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് അറിയില്ല. എന്റെ നിയമനത്തിലേക്ക് എന്തിനാണ് എല്ലാവരും രാഷ്ട്രീയം വലിച്ചിടുന്നത്? വരുമാനം ഉണ്ടായാലേ മക്കളുടെ കാര്യങ്ങള്‍ നോക്കാനാകൂ. എന്നെ കൊല്ലണമെങ്കില്‍ കൊല്ലൂ, അല്ലാതെ ഇങ്ങനെ ദ്രോഹിക്കരുത്. ഞാനെന്റെ മക്കളെ വളര്‍ത്തട്ടെ, ജീവിക്കാന്‍ അനുവദിക്കണം- സ്വപ്ന പറഞ്ഞു.
സ്വപ്നയുടെ നിയമനത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് സംഘടന ചെയര്‍മാനും ബിജെപി നേതാവുമായ എസ്. കൃഷ്ണകുമാര്‍ പറഞ്ഞത്. സ്വപ്നയെ നിയമിച്ചതിന് നിയമസാധുതയില്ലെന്നും സംഘടനയുടെ സെക്രട്ടറി അജി കൃഷ്ണനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. സംഘടനയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും തന്നെ നീക്കിയതായുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എച്ച്ആര്‍ഡിഎസില്‍ അജി കൃഷ്ണന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്രമക്കേടുകളും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതികളയച്ചിരുന്നതായും കൃഷ്ണകുമാര്‍ പറഞ്ഞു.
അതേസമയം, കൃഷ്ണകുമാറിനെ ആറ് മാസം മുന്‍പ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കിയതായി എച്ച്ആര്‍ഡിഎസ് പ്രൊജക്ട് ഡയറക്ടര്‍ ബിജു കൃഷ്ണന്‍ പറഞ്ഞു. കൃഷ്ണകുമാറിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സ്വപ്നയുടെ നിയമനം റദ്ദാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.ശിവശങ്കറിന്റെ ആത്കഥ പുറത്തിറങ്ങിയതിന് ശേഷം നടത്തിയ വിവാദ പ്രതികരണങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് സ്വപ്ന ആര്‍.എസ്.എസ് ബന്ധമുള്ള സ്ഥാപനത്തില്‍ നിയമിക്കപ്പെടുന്നത്. സി.എസ്.ആര്‍ ഫണ്ടുപയോഗിച്ച് ആദിവാസിമേഖലകളില്‍ സംഘപരിവാര്‍ ആശയം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന എന്‍.ജി.ഒ കൂടിയാണ് എച്ച്.ആര്‍.ഡി.എസ്. മോദിയെ അവതാര പുരുഷനെന്ന് വിശേഷിപ്പിക്കുന്ന സെക്രട്ടറി അജി കൃഷ്ണനെ പഴയ എസ്.എഫ്.ഐക്കാരനായി ചിത്രീകരിച്ച് പുകമറ സൃഷ്ടിക്കാനാണ് നിലവില്‍ ബി.ജെ.പി നേതാക്കളുടെ ശ്രമമെന്ന് സി.പി.ഐം ആരോപിയ്ക്കുന്നു.
സ്വപ്‌ന സുരേഷിന് ജോലി നല്‍കിയ എച്ച്ആര്‍ഡിഎസ് എന്ന എന്‍ജിഒയുമായി ബിജെപിക്ക് ഒരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി. അതെ സമയം ഈ പറയുന്ന സ്ഥാപനവുമായി സിപിഎമ്മിന് ബന്ധമുണ്ടെന്നും ബിജെപി അധ്യക്ഷന്‍ ആരോപിച്ചു. സിപിഎമ്മിന്റെ നിലവിലെ ഉന്നതനായ നേതാവായ ഒരു മുന്‍ എസ്എഫ്‌ഐകാരനാണ് സ്വപ്നയെ ജോലി ലഭിക്കാന്‍ സഹായിച്ചതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.