കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നാ സുരേഷ് ഉള്‍പ്പെടെയുള്ള എല്ലാ പ്രതികള്‍ക്കും ജാമ്യം. എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ സ്വപ്ന സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും ജാമ്യാപേക്ഷകളിന്മേലാണ് ഹൈക്കോടതി വിധി പറഞ്ഞത്.
ജാമ്യം നിഷേധിച്ച എന്‍.ഐ.എ കോടതി ഉത്തരവ് ചോദ്യം ചെയ്താണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്നും തങ്ങള്‍ക്കെതിരെ യു. എ.പി.എ ചുമത്തുവാന്‍ തക്ക തെളിവുകള്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ലെന്നുമാണ് സ്വപ്നയും, സരിത്തുമടക്കമുള്ള പ്രതികളുടെ വാദം. പ്രതികള്‍ക്കെതിരായി കൃത്യമായ തെളിവുകളുണ്ടെന്ന് എന്‍.ഐ.എയും കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പ്രതികളുടെ വാദം അംഗീകരിച്ചുകൊണ്ട് കോടി സ്വപ്നയുള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
അതേസമയം ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കി സ്വപ്നയ്ക്ക് ജയിലില്‍ നിന്നുമിറങ്ങാന്‍ സമയമെടുക്കും. എന്‍ഐഎ കേസ് കൂടാതെ കസ്റ്റംസ്, ഇഡി കേസുകളിലെ ജാമ്യവ്യവസ്ഥകളും കൂടി പൂര്‍ത്തിയാക്കി മാത്രമേ സ്വപ്നയ്ക്ക് ജയില്‍ വിടാനാവൂ. ഹൈക്കോടതി ഉത്തരവിന്റെ വിശദമായ പകര്‍പ്പ് കിട്ടിയാല്‍ മാത്രമേ എന്‍ഐഎ കേസിലെ ജാമ്യവ്യവസ്ഥ വ്യക്തമാവൂ. കൊച്ചി കാക്കനാട് ജയിലിലും പിന്നീട് വിയ്യൂര്‍ ജയിലിലും കഴിഞ്ഞ ശേഷമാണ് സ്വപ്ന സുരേഷ് അട്ടക്കുളങ്ങര ജയിലില്‍ എത്തിയത്.
സാമ്പത്തിക തീവ്രവാദത്തിന്റെ ഭാഗമാണ് സ്വര്‍ണക്കടത്തെന്നാണ് ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിയില്‍ എന്‍ഐഎ വാദിച്ചത്. എന്നാല്‍ സ്വര്‍ണക്കടത്തിലൂടെ തീവ്രവാദ പ്രവര്‍ത്തനത്തിനായി ഫണ്ട് ശേഖരിച്ചു എന്ന് തെളിയിക്കാനുള്ള എന്ത് തെളിവാണ് പ്രതികള്‍ക്കെതിരായി ഉള്ളത് എന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ അട്ടിമറിക്കാനുള്ള ഏത് ശ്രമമവും തീവ്രവാദമായി കാണണമെന്നായിരുന്നു എന്‍ഐഎയുടെ വാദം.
എന്നാല്‍ വാദം തള്ളിയാണ് ഇപ്പോള്‍ പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കിയത്.ജയില്‍ മോചിതയായ ശേഷം സ്വപ്ന മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുമെന്നും അവര്‍ക്ക് പറയാനുള്ളതെല്ലാം പറയുമെന്നും സ്വപ്നയുടെ മാതാവ് പ്രഭാ സുരേഷ് പറഞ്ഞു. തന്നെ ചിലര്‍ ചേര്‍ന്ന് കുടുക്കിയതാണെന്നാണ് സ്വപ്ന ജയിലില്‍ വച്ചു കണ്ടപ്പോള്‍ സ്വപ്ന പറഞ്ഞതെന്നും മാതാവ് പറഞ്ഞു.