കൊച്ചി : സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയെന്നാവർത്തിച്ച് സർക്കാർ. ക്രമിനല്‍ ഗൂഡാലോചനയാണ് സ്വപ്ന നടത്തിയത് എന്ന് സർക്കാർ പറയുന്നു. ഹൈക്കോടതിയിൽ ആണ് സർക്കാർ നിലപാട് ആവർത്തിച്ചത്. സ്വപ്ന ഗൂഢാലോചന നടത്തിയത് സ്ഥിരീകരിക്കുന്ന തെളിവുകളുണ്ടന്നും സർക്കാർ വ്യക്തമാക്കുന്നു. അപകീർത്തികരമായ പരാമർശങ്ങളാണ് മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ സ്വപ്ന നടത്തിയതെന്നും സർക്കാർ കോടതിയെ അറിയിച്ചു.
മുഖ്യമന്ത്രിയ്ക്ക് എതിരെ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാട് കോടതിയെ അറിയിച്ചത്. സ്വപ്നയുടെ ഹർജിയില്‍ കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടിയിട്ടുണ്ട്. ഹർജി അടുത്ത ആഴ്ച പരിഗണിക്കാന്‍ മാറ്റി.
കേസുമായി ബന്ധപ്പെട്ട് സ്വപ്നയെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. എന്നാൽ താൻ നൽകിയ രഹസ്യമൊഴിയുടെ വിവരങ്ങളാണ് ഈ ചോദ്യം ചെയ്യലിലും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കി.
ഇതിനിടെ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചനാക്കേസിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച് നീങ്ങുകയാണ്. ഷാജ് കിരണിന്റെ രഹസ്യ മൊഴിയെടുക്കും. പാലക്കാട് കോടതിയിൽ വെച്ചാണ് രഹസ്യമൊഴിയെടുക്കുക. ബുധനാഴ്ച വൈകിട്ട് 3ന് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിലെത്തി മൊഴി നൽകണമെന്നാണ് നിർദ്ദേശം.
നേരത്തെ ഷാജ് കിരൺ മുഖ്യമന്ത്രിക്ക് വേണ്ടി തന്നെ കാണാനെത്തിയെന്നും, ഭീഷണിപ്പെടുത്തി കേസിൽ നിന്നും ആരോപണങ്ങളിൽ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടുവെന്നുമെന്ന് സ്വപ്ന വാർത്താ സമ്മേളനത്തിൽ നേരത്തെ ആരോപിച്ചിരുന്നു. ഇയാളുമായുള്ള ഫോൺ സംഭാഷണവും സ്വപ്ന പുറത്ത് വിട്ടിരുന്നു. എന്നാൽ ഇതെല്ലാം ഷാജ് കിരൺ നിഷേധിച്ചു.