കൊച്ചി: ഗൂഢാലോചന കേസുൾപ്പടെ പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകൾ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. ജസ്റ്റിസ് സിയാദ് റഹ്മാനാണ് സ്വപ്നയുടെ ഹർജിയിൽ വിധി പറയുക. മുൻമന്ത്രി കെ ടി ജലീലിന്റെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് എടുത്ത ഗൂഢാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്നാണ് ആവശ്യം.
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമുള്ള പങ്ക് വെളിപ്പെടുത്തിയതിന് പിറകെയാണ് കേസുകൾ എടുത്തതെന്നും പ്രതികാര നടപടിയാണ് കേസിന് പിറകിലെന്നും സ്വപ്ന സുരേഷ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ നിക്ഷിപ്ത താൽപ്പര്യത്തിന് വേണ്ടി തെളിവുകൾ ഇല്ലാതെയാണ് മുഖ്യമന്ത്രിയ്ക്കെതിരായ വെളിപ്പെടുത്തലെന്നും ഇതിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നും സർക്കാർ കോടതിയെ അറയിച്ചിട്ടുണ്ട്. അന്വേഷണം തുടരുന്ന ഈ ഘട്ടത്തിൽ കോടതി ഇടപെടരുതെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.