ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരം എന്ന അംഗീകാരം വീണ്ടും ഇൻഡോറിന് സ്വന്തം. തുടർച്ചയായി അഞ്ചാം തവണയാണ് ഇൻഡോർ കേന്ദ്രസർക്കാരിന്റെ സ്വച്ഛ് സർവേക്ഷൺ (Swachh Survekshan Awards) പുരസ്കാരം സ്വന്തമാക്കുന്നത്. മധ്യപ്രദേശിലെ ഏറ്റവും വലുതും ജനസാന്ദ്രതയുള്ളതുമായ നഗരമാണ് ഇൻഡോർ എന്നത് ശ്രദ്ധേയമാണ്. സംസ്ഥാനങ്ങളുടെ ശുചിത്വപ്പട്ടികയിൽ ഛത്തീസ്ഗഢിനാണ് ഒന്നാം സ്ഥാനം.
വൃത്തിയേറിയ നഗരങ്ങളിൽ രണ്ടാം സ്ഥാനം സൂറത്തും (ഗുജറാത്ത്) മൂന്നാം സ്ഥാനം വിജയവാഡയും (ആന്ധ്രാപ്രദേശ്) കരസ്ഥമാക്കി. ഏറ്റവും ശുചിത്വമേറിയ ഗംഗാനഗരം (Cleanest Ganga Town) വാരാണസിയാണ്. പ്രധാനമന്ത്രിയുടെ മണ്ഡലമാണിത്. ബിഹാറിലെ മൂംഗെർ, പട്ന എന്നിവയ്ക്കാണ് ഈ വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ. ഇൻഡോറും സൂറത്തും മുൻകാല പദവി നിലനിർത്തിയപ്പോൾ കഴിഞ്ഞ കൊല്ലം മൂന്നാം സ്ഥാനത്തുണ്ടായിരുന്ന നവി മുംബൈയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി വിജയവാഡ നേട്ടം കരസ്ഥമാക്കി.
കേന്ദ്ര നഗര വികസന മന്ത്രാലയം നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ശനിയാഴ്ച നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. 28 ദിവസത്തിനുള്ളിൽ 4,320 നഗരങ്ങളിലാണ് സർവേ നടത്തിയത്. 4.2 കോടിയിലേറെ പേർ സർവേയിൽ പങ്കെടുത്തതായി മന്ത്രാലയം വ്യക്തമാക്കി.
#WATCH | Employees of Indore Municipal Corporation celebrate after President Ram Nath Kovind conferred the cleanest city award to Indore, at Swachh Survekshan Awards 2021 today
Indore has received the award for the 5th consecutive year. pic.twitter.com/zF2g5iIJF4
— ANI (@ANI) November 20, 2021
നൂറിലധികം നഗരസഭകളുള്ള മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തേയും മൂന്നാമത്തേയും സംസ്ഥാനങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. 100 ൽ താഴെ നഗരസഭകളുള്ള സംസഥാനങ്ങളിൽ ജാർഖണ്ഡ്, ഹരിയാണ, ഗോവ എന്നിവ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ഒരു ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള ഏറ്റവും വൃത്തിയേറിയ നഗരങ്ങളിൽ ഇൻഡോർ, സൂറത്ത്, വിജയവാഡ, നവി മുംബൈ, ന്യൂഡൽഹി, അംബികാപുർ, തിരുപ്പതി, പുണെ, നോയിഡ, ഉജ്ജയിൻ എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിയത്. ഇതേ വിഭാഗത്തിൽ ആദ്യ 25 നഗരങ്ങളിൽ ഏറ്റവും ഒടുവിലാണ് ലഖ്നൗവിന്റെ സ്ഥാനം.
ഒരു ലക്ഷത്തിൽത്താഴെ ജനസംഖ്യയുള്ള നഗരങ്ങളിൽ മഹാരാഷ്ട്രയിലെ വിട്ട ആദ്യസ്ഥാനത്തെത്തി. ലോണാവാല, സാസ് വഡ് എന്നിവ അടുത്ത രണ്ട് സ്ഥാനങ്ങൾ നേടി. 1-3 ലക്ഷം ജനസംഖ്യയുള്ള ചെറിയ നഗരങ്ങളിൽ ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ ആദ്യസ്ഥാനത്തെത്തി. ഹോഷൻഗവാദ് അതിവേഗം പുരോഗമിക്കുന്ന ചെറുനഗരത്തിനുള്ള പുരസ്കാരം നേടി. ത്രിപുടിയാണ് ചെറുനഗരങ്ങളിൽ ഏറ്റവും മികച്ചതായി ജനങ്ങൾ അഭിപ്രായപ്പെട്ടത്.
3-10 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളിൽ ഏറ്റവും വൃത്തിയുള്ള ഇടത്തരം നഗരമായി നോയ്ഡ തിരഞ്ഞെടുക്കപ്പെട്ടു. സഫായിമിത്ര സുരക്ഷ ചലഞ്ച് എന്ന പുതിയ വിഭാഗത്തിലെ ആദ്യ പുരസ്കാരം നവി മുംബൈയ്ക്കാണ്. 10-40 ലക്ഷം ജനസംഖ്യയുള്ള ഏറ്റവും ശുചിത്വമുള്ള വലിയ നഗരമായി നവി മുംബൈ. കന്റോൺമെന്റ് ബോർഡ്സ് പട്ടികയിൽ അഹമ്മദാബാദ് ഒന്നാം സ്ഥാനവും മീററ്റ് രണ്ടാം സ്ഥാനവും ഡൽഹി മൂന്നാം സ്ഥാനവും നേടി. ജില്ലാ റാങ്കിങ്ങിൽ സൂറത്തിനാണ് ആദ്യസ്ഥാനം. ഇൻഡോർ, ന്യൂഡൽഹി എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.