കൊല്‍ക്കത്ത: 2007ല്‍ നന്ദിഗ്രാം സമരത്തിലൂടെ തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തിലേക്ക് നയിച്ച വ്യക്തിയാണ് മൂന്‍ ബംഗാള്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയും മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ വലം കൈയുമായിരുന്ന സുവേന്ദു അധികാരി. ബിജെപിയില്‍ ചേര്‍ന്നതിനു തൊട്ടുപിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിനെ ശക്തമായി വിമര്‍ശിച്ച് അദ്ദേഹം രംഗത്തെത്തി. ബംഗാളോ തൃണമൂല്‍ കോണ്‍ഗ്രസോ ആരുടെയും കുത്തകാധികാരമല്ലെന്നു സുവേന്ദു പറഞ്ഞു.
ഒരാളുടെ സംഭാവനയാല്‍ ഒരുദിവസം കൊണ്ട് കെട്ടിപ്പടുത്തതല്ല പാര്‍ട്ടി. വലിയ തോതില്‍ നിരന്തരവും തുടര്‍ച്ചയായതുമായ ശ്രമത്തിന്റെ ഭാഗമാണിത്. അങ്ങനെയാണ് 2011ല്‍ ബംഗാളില്‍ തൃണമൂല്‍ അധികാരത്തില്‍ വന്നത്. സാധാരണക്കാര്‍ ത്യാഗോജ്വല പോരാട്ടത്താല്‍ പടുത്തുയര്‍ത്തിയ തൃണമൂല്‍ ഇപ്പോള്‍, മറ്റാരെയും ശ്രദ്ധിക്കാത്ത വ്യക്തികളാല്‍ നിറഞ്ഞിരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃണമൂല്‍ കോണ്‍ഗ്രസിനകത്ത് ആഴത്തില്‍ അഴുകലും അസ്വാസ്ഥ്യവുമുണ്ട്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് നിര്‍ണായക ഘട്ടമാണ് തൃണമൂലിലെ താഴെത്തട്ടിലുള്ള അംഗങ്ങളെ അഭിസംബോധന ചെയ്ത തുറന്ന കത്തില്‍ സുവേന്ദു പറഞ്ഞു. ആദ്യം മന്ത്രിസ്ഥാനവും പിന്നാലെ എംഎല്‍എ സ്ഥാനവും ഉപേക്ഷിച്ച സുവേന്ദു, കഴിഞ്ഞ ദിവസമാണ് തൃണമൂലില്‍നിന്നു രാജിവച്ചത്. എംഎല്‍എ സ്ഥാനം രാജിവച്ചെങ്കിലും ഇതുവരെ അംഗീകരിച്ചിട്ടില്ല. മുന്‍ വലംകൈയും നന്ദിഗ്രാം സമരനായകനുമായ നേതാവിന്റെ കാലുമാറ്റം ദീദിയുടെ പതനത്തിന്റെ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്.