KeralaNews

ശബരിമല ഡ്യൂട്ടി ഒഴിവാക്കി സ്‌കൂൾബസ് ഓടിക്കാൻ പോയി,ടിക്കറ്റ് തിരിമറി;കെ.എസ്.ആര്‍.ടി.സിയില്‍ 5 പേർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ഗുരുതരമായ കൃത്യവിലോപവും ചട്ടലംഘനവും നടത്തിയ രണ്ട് ഡ്രൈവര്‍മാരെയും മൂന്ന് കണ്ടക്ടര്‍മാരെയും കെ.എസ്.ആര്‍.ടി.സി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ (വിജിലന്‍സ്) അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.

പയ്യന്നൂര്‍ ഡിപ്പോയിലെ ഡ്രൈവറായ എ.യു. ഉത്തമന്‍, വെള്ളനാട് ഡിപ്പോയിലെ ഡ്രൈവറായ ജെ. സുരേന്ദ്രന്‍, താമരശ്ശേരി ഡിപ്പോയിലെ കണ്ടക്ടറായ എ. ടോണി, തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ കണ്ടക്ടറായ പി.എസ്. അഭിലാഷ്, പാലക്കാട് ഡിപ്പോയിലെ കണ്ടക്ടറായ പി.എം. മുഹമ്മദ് സാലിഹ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്

ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടും ചുമതല നിര്‍വഹിക്കാതെ സ്വകാര്യ സ്‌കൂളിന്റെ ബസ് ഓടിക്കാന്‍ പോയതിനാണ് അന്വേഷണത്തിനൊടുവില്‍ പയ്യന്നൂര്‍ ഡിപ്പോയിലെ ഡ്രൈവറായ എ.യു. ഉത്തമനെ സസ്പെന്‍ഡ് ചെയ്തത്. ഒരു ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലാകുകയും സ്ഥാപനത്തിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് വെള്ളനാട് ഡിപ്പോയിലെ ഡ്രൈവറായ ജെ. സുരേന്ദ്രനെ സസ്പെന്‍ഡ് ചെയ്തത്.

മാനുവല്‍ റാക്ക് ഉപയോഗിച്ച് സര്‍വീസ് നടത്തവേ ക്രമക്കേട് നടത്തി പണാപഹരണം നടത്തിയതിനാണ് താമരശ്ശേരി ഡിപ്പോയിലെ കണ്ടക്ടറായ എ. ടോണിയെ സസ്പെന്‍ഡ് ചെയ്തത്. കൊച്ചുവേളിയില്‍ നിന്നും കിഴക്കേകോട്ടയിലേക്ക് സര്‍വീസ് നടത്തവേ നാലു പേരില്‍ നിന്നും യാത്രക്കൂലി ഈടാക്കിയതിനു ശേഷം രണ്ടു പേര്‍ക്ക് മാത്രം ടിക്കറ്റ് നല്‍കുകയും രണ്ട് പേര്‍ക്ക് ടിക്കറ്റ് നല്‍കാതെ യാത്ര ചെയ്യാന്‍ അനുവദിക്കുകയും ചെയ്ത കുറ്റത്തിനാണ് തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ (നിലവില്‍ വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ പാപ്പനംകോട്) കണ്ടക്ടറായ പി.എസ്. അഭിലാഷ് സസ്പെന്‍ഡ് ചെയ്തത്.

കോയമ്പത്തൂര്‍- കോതമംഗലം സര്‍വീസ് നടത്തവേ ബസ്സില്‍ 17 യാത്രക്കാര്‍ മാത്രമുണ്ടായിരിക്കെ ഒരു യാത്രക്കാരന് ടിക്കറ്റു നല്‍കാതിരിക്കുകയും സൗജന്യയാത്ര അനുവദിക്കുകയും കെ.എസ്.ആര്‍.ടി.സിക്ക് വരുമാനനഷ്ടമുണ്ടാക്കിയതായി അന്വേഷണത്തില്‍ ബോധ്യപെട്ടതിനാലാണ് പാലക്കാട് യൂണിറ്റിലെ പി.എം. മുഹമ്മദ് സാലിഹിനെ സസ്പെന്‍ഡ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button