തിരുവനന്തപുരം: കേരള പോലീസിനാകെ നാണക്കേടുണ്ടാക്കിക്കൊണ്ട് ഗുണ്ടാത്തലവന്‍ തമ്മനം ഫൈസലിന്റെ വിരുന്നില്‍ പങ്കെടുത്ത ആലപ്പുഴ ഡിവൈ.എസ്.പി. എം.ജി. സാബുവിനെ സസ്‌പെന്‍ഡ് ചെയ്യാൻ മുഖ്യമന്ത്രിയുടെ നിർദേശം. പോലീസ് സേനയില്‍ നിന്ന് വിരമിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സാബുവിന് സസ്പെൻഷൻ. ഒരുമണിക്കൂറിനുള്ളില്‍ സാബുവിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങണമെന്ന കര്‍ശനമായ നിര്‍ദേശമാണ് മുഖ്യമന്ത്രി നല്‍കിയത്.
സാബുവിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളത്തുനിന്ന് സാബുവിനെതിരായ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന് ലഭിച്ചു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം സാബുവിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചത്.
ഗുണ്ടാവിരുന്നില്‍ പങ്കെടുത്ത മറ്റ് മൂന്ന് പോലീസുകാരെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡിവൈ.എസ്.പി. സാബുവിനൊപ്പമുണ്ടായിരുന്ന വിജിലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള മൂന്നുപേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. ഇവരുടെ പേരുവിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല.
ഗുണ്ടാ നേതാക്കളുടെ വീട്ടില്‍ നടത്തുന്ന ‘ഓപ്പറേഷന്‍ ആഗ്’ പരിശോധനയുടെ ഭാഗമായാണ് അങ്കമാലി പോലീസ് തമ്മനം ഫൈസലിന്റെ വീട്ടില്‍ എത്തിയത്. എന്നാല്‍, ഡിവൈ.എസ്.പിക്കും പോലീസുകാര്‍ക്കുമുള്ള വിരുന്നാണ് നടക്കുന്നതെന്ന് പിന്നീടാണ് വ്യക്തമായത്. റെയ്ഡിനെത്തിയ അങ്കമാലി എസ്.ഐയെ കണ്ടതോടെ ഡിവൈ.എസ്.പി. അടക്കമുള്ള പോലീസുകാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.
മേയ് 31-ന് വിരമിക്കേണ്ട ഉദ്യോഗസ്ഥനാണ് ഡിവൈ.എസ്.പി. സാബു. അദ്ദേഹത്തിന് സസ്‌പെന്‍ഷന്‍ ലഭിച്ചേക്കുമെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കാപ്പ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടില്‍ ഞായറാഴ്ച ഒരുക്കിയ വിരുന്നിലാണ് ഡി.വൈ.എസ്.പിയും സംഘവും കുടുങ്ങിയത്.