ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളായ ഐഐടി ബിരുദധാരി കൊല്ലപ്പെടുന്നതിനു മുന്‍പ് ബലാത്സംഗത്തിന് ഇരയായെന്ന് കണ്ടെത്തല്‍. യുവതിയെ പീഡിപ്പിച്ച യുവാവ് തന്നെയാണ് കൊലപാതകം നടത്തിയതും. സംഭവത്തില്‍ യുവതിയുടെ വീട്ടുജോലിക്കാരനായിരുന്ന രാഹുലിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു. ദ്വാരകയിലുള്ള ഒരു ഹോട്ടലില്‍ നിന്നാണ് പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തുന്നതിനു മുന്‍പ് മറ്റൊരു യുവതിയെ രാഹുല്‍ പീഡിപ്പിച്ചിരുന്നെന്ന് അന്വഷണത്തില്‍ കണ്ടെത്തി.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളായ 22കാരിയാണ് കൊല്ലപ്പെട്ടത്. മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയത്. എന്‍ജിനീയറിങ് ബിരുദം പൂര്‍ത്തിയാക്കി യുപിഎസ്സി പരീക്ഷയ്ക്കുള്ള തയാറെടുപ്പിലായിരുന്നു യുവതി. യുവതിയെ ബുധനാഴ്ച രാവിലെയാണ് കൈലാഷ് ഹില്‍സിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ടു ദിവസത്തിനുള്ളില്‍ പ്രതി രണ്ട് പീഡനവും ഒരു കൊലപതാകവും നടത്തിയെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ വീട്ടുജോലിക്കാരനായിരുന്ന പ്രതിയെ ഒരു മാസം മുന്‍പാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്. ഓണ്‍ലൈന്‍ ചൂതാട്ടങ്ങളിലും ഗെയിമുകളിലും പങ്കാളിയായിരുന്ന ഇയാള്‍ വീട്ടിലെ മറ്റ് ജോലിക്കാരില്‍ നിന്നും പണം കടം വാങ്ങുകയും തിരികെ കൊടുക്കാതിരിക്കുകയും ചെയ്തതോടെയാണ് ജോലിയില്‍ നിന്നും പറഞ്ഞു വിട്ടത്.
യുവതിയുടെ വീട്ടില്‍ നിന്ന് പ്രതി പുറത്തേയ്ക്ക് ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇതാണ് കേസില്‍ നിര്‍ണായകമായത്. യുവതി താമസിക്കുന്ന ഇടത്തേയ്ക്ക് എത്താന്‍ നാല് വാതിലുകള്‍ തുറക്കേണ്ടതുണ്ട്. ഇതില്‍ മൂന്നെണ്ണം പാസ്‌വേര്‍ഡ് ലോക്കാണ്. ഈ കോഡുകള്‍ തുറന്നാണ് രാഹുല്‍ മുറിയിലെത്തിയത്. അതേസമയം കൊലപാതകത്തിന്റെ കാരണം എന്താണെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ ദേഷ്യത്തിലായിരിക്കും കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
എന്നാല്‍ യുവാവ് ക്രിമിനല്‍ സ്വഭാവമുള്ളയാളാണെന്നും മറ്റൊരു യുവതിയേയും ഇയാള്‍ ബലാത്സംഗം ചെയ്തിരുന്നെന്നും പൊലീസ് കണ്ടെത്തി. സംഭവം നടക്കുന്നതിന്റെ തലേദിവസം പ്രതി തന്റെ നാടായ ആള്‍വാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് എത്തിയിരുന്നു.
ആൽവാറിൽ സുഹൃത്തിന്റെ ഭാര്യയെയാണ് പ്രതി പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. പീഡനത്തിനിരയായ സ്ത്രീയുടെ വീട്ടിൽ നേരത്തേ രാഹുലും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നു. സ്ത്രീയുടെ ഭർത്താവുമായും പ്രതിക്ക് സൗഹൃദമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് ലുഡോ കളിക്കുന്നവരായിരുന്നു. കുടുംബവുമായി അടുത്തബന്ധം നിലനിൽക്കെയാണ് രാഹുൽ സ്ത്രീയെ ഉപദ്രവിച്ചത്. സംഭവം യുവതി വീട്ടിൽ അറിയിച്ചതോടെ രാഹുൽ ഡൽഹിയിലേക്ക് മുങ്ങുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഡൽഹിയിലെത്തിയ രാഹുൽ കൈലാഷിലെ ഐആർഎസ് ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയാണ് മകളെ കൊലപ്പെടുത്തിയത്. സംഭവസമയം ഉദ്യോഗസ്ഥന്റെ മകളായ 22-കാരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൈവശമുണ്ടായിരുന്ന മറ്റൊരു താക്കോൽ ഉപയോഗിച്ച് വീടിനകത്ത് കടന്ന പ്രതി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു. ശേഷം മൊബൈൽഫോൺ ചാർജർ കഴുത്തിൽ കുരുക്കി യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. വീട്ടിൽ മോഷണവും നടത്തിയിരുന്നു.പ്രതി വീട്ടിൽനിന്ന് മടങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്.


