കൊച്ചി:11 കോടിയുടെ ലഹരിമരുന്ന് കേസിൽ കൊച്ചിയിലെ ഇടപാടുകൾ നിയന്ത്രിച്ചത് അറസ്റ്റിലായ സുസ്മിത ഫിലിപ്പെന്ന് എക്സൈസ് ക്രൈംബ്രാഞ്ച്. കേസിലെ 12-ാം പ്രതിയായ സുസ്മിത ഫിലിപ്പ് മയക്കുമരുന്ന് സംഘത്തിനിടയിൽ ഇവർ അറിയപ്പെട്ടത് ടീച്ചർ എന്ന പേരിലാണ്.
കോട്ടയത്തെ ഒരു സ്കൂളിൽ കുറച്ചുനാൾ ഇവർ ജോലി ചെയ്തിരുന്നു. ഇവർ കൊച്ചിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഇടപാടുകൾ നടത്തിയതായും വിവരം ലഭിച്ചു. കോടതി ഇവരെ മൂന്ന് ദിവസത്തേക്ക് എക്സൈസ് കസ്റ്റഡിയിൽ വിട്ടു.
കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ സുസ്മിത ഫിലിപ്പ് ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നു. മുഖ്യപ്രതികളുടെ അക്കൗണ്ടുകളിലേക്ക് ഇവർ വൻതുക നിക്ഷേപിച്ചതായി കസ്റ്റഡി അപേക്ഷയിൽ എക്സൈസ് വ്യക്തമാക്കുന്നു. ഗൂഢാലോചനയിലടക്കം പങ്കാളിയായ ഇവരെ ചോദ്യം ചെയ്യണമെന്നായിരുന്നു എക്സൈസിന്റെ അവശ്യം. കോടതി ഇവരെ ഏഴാം തീയതി വരെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു.
കേസിൽ ഇനിയും ഏറെപേർ പിടിയിലാകാനുണ്ടെന്നാണ് എക്സൈസ് പറയുന്നത്. കഴിഞ്ഞദിവസമാണ് 12-ാം പ്രതി സുസ്മിതയെ അറസ്റ്റ് ചെയ്തത്. സുസ്മിതയാണ് എല്ലാക്കാര്യങ്ങൾക്കും നേതൃത്വം നൽകി നിയന്ത്രിച്ച് നിന്നിരുന്നവരിലൊരാൾ. ആദ്യം പിടിയിലായ കേസിലെ പ്രതികളുടെ അക്കൗണ്ടിലേക്ക് വൻതുകകൾ സുസ്മിത അയച്ചിരുന്നു. ഗൂഗിൾ പേയിലൂടെയും മറ്റുമായിരുന്നു ഇത്.
ലഹരി പാർട്ടികൾ സംഘടിപ്പിക്കാനും സാമ്പത്തികം ഉൾപ്പെടെയുള്ള സഹായങ്ങൾ ഒരുക്കാനും മുന്നിൽ നിന്നത് സുസ്മിതയായിരുന്നു. വൻകിട ഹോട്ടലുകളിലും ക്ലബ്ബുകളിലും നടന്ന റേവ് പാർട്ടികളിൽ ഇവർ പങ്കെടുത്തിട്ടുണ്ട്. പ്രതികളിൽ ചിലർക്കൊപ്പം ഒട്ടേറെ ഹോട്ടലുകളിൽ ഇവർ താമസിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. സിനിമാ രംഘത്തെ ചിലരുമായി ബന്ധം സൂക്ഷിക്കുന്ന ഇവരാണ് പല ഡീലുകളിലും ഇടനിലക്കാരിയെന്നാണ് കരുതുന്നത്.
സുസ്മിത ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെ ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നുമാണ് എക്സൈസിന്റെ വിലയിരുത്തൽ. 12 പ്രതികൾ ഇതുവരെ കേസിൽ അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ ചിലരുടെ ഫോണിലേക്ക് ശ്രീലങ്കയിൽനിന്നടക്കം കോളുകൾ എത്തിയിട്ടുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.