ഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന്റെ നിര്യാണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു. രാജ്യത്തിന് നഷ്ടമായത് ധീരയായ ഒരു നേതാവിനെയാണെന്നാണ് രാഷ്ട്രപതി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായത്തിനാണ് അന്ത്യമായതെന്ന് സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രിയുടെ അനുശോചനം. ജനനന്‍മയ്ക്കായും പാവപ്പെട്ടവരുടെ ഉന്നമനത്തിനായും ജീവിതം മാറ്റിവച്ച നേതാവിന്റെ മരണത്തില്‍ രാജ്യം കേഴുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. കോടിക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായിരുന്നു സുഷമ സ്വരാജെന്നും പ്രധാനമന്ത്രി കുറിച്ചു.
കോണ്‍ഗ്രസ്
ഡല്‍ഹി: അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.’സുഷമാസ്വരാജിന്റ മരണ വാര്‍ത്ത ഏറെ വേദനിപ്പിക്കുന്നു. കുടുംബാംഗങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ദുഃഖം പങ്കിടുന്നു’ എന്ന് കോണ്‍ഗ്രസ് ട്വിറ്റ് ചെയ്തു.
ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: ബിജെപി മുതിര്‍ന്ന നേതാവും മുന്‍ വി?ദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ് മികച്ച ഭരണാധികാരിയും ജനപ്രതിനിധിയും പൊതുപ്രവര്‍ത്തകയായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സുഷമ സ്വരാജ് കേരളത്തിന് വേണ്ടി ചെയ്തിട്ടുള്ള വലിയ കാര്യങ്ങള്‍ എക്കാലവും കേരളം സ്മരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാഖില്‍ കുടുങ്ങിയ നഴ്‌സുമാരെ കൊണ്ടുവരാന്‍ കേരളം സഹായമഭ്യര്‍ത്ഥിച്ചപ്പോള്‍ അവര്‍ കാണിച്ച ആത്മാര്‍ത്ഥയോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ ഇന്നും ഓര്‍ക്കുന്നു. ഒരു ബുദ്ധിമുട്ടും കൂടാതെ നഴ്‌സുമാരെ തിരിച്ച് ഇവിടെ കൊണ്ടുവരുന്നതിന് അവരെടുത്ത പ്രയത്‌നം താന്‍ നേരിട്ട് കണ്ടിട്ടുണ്ട്.
കക്ഷി രാഷ്ട്രീയതിന് അതീതമായി ജനങ്ങളെ കാണാനും പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരിഹാരം ഉണ്ടാക്കാനും ശ്രമിച്ച പൊതുപ്രവര്‍ത്തകയാണ് സുഷമ സ്വരാജെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.