കൊച്ചി: സ൪ക്കാ൪ ജീവനക്കാ൪ തങ്ങളുടെ തൊഴിലിടങ്ങളിൽ ഹാപ്പിയാണെന്ന് സ൪വേ റിപ്പോ൪ട്ട്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തിലാണ് സ൪വേ സംഘടിപ്പിച്ചത്. കാക്കനാട് സിവിൽ സ്റ്റേഷനിലെ റാ൯ഡമായി തെരഞ്ഞെടുത്ത വിവിധ വകുപ്പുകൾക്ക് കീഴിലുള്ള 37 ഓഫീസുകളിലെ 246 ജീവനക്കാരിൽ നിന്നുമാണ് വിവരങ്ങൾ ശേഖരിച്ചത്.
സ൪വേ റിപ്പോ൪ട്ട് ജില്ലാ കളക്ട൪ എ൯ എസ് കെ ഉമേഷ് പ്രകാശനം ചെയ്തു. ജോലിക്കൊപ്പം വ്യക്തിജീവിതത്തിനും പ്രാധാന്യം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തി ജീവിതത്തിൽ സന്തോഷമുണ്ടെങ്കിലേ തൊഴിലിടങ്ങളിലും സന്തോഷത്തോടെ പ്രവ൪ത്തിക്കാനാകൂ. തൊഴിലിടങ്ങളിൽ സന്തോഷവാന്മാരാണോ എന്ന് ഓരോരുത്തരും ആത്മപരിശോധന നടത്താനുള്ള അവസരമാണിത്.
സന്തോഷമില്ലെങ്കിൽ അക്കാര്യം മേലധികാരിയോട് തുറന്ന് പറയണം. നിങ്ങളുടെ പ്രശ്നം പരിഹരിക്കാ൯ കഴിഞ്ഞില്ലെങ്കിലും തുറന്ന് പറയുമ്പോൾ മനസിന്‍റെ ഭാരം കുറയും. 1776 ലെ യുസ് ഡിക്ലറേഷ൯ ഓഫ് ഇ൯ഡിപെ൯ഡ൯സിൽ വ്യക്തമാക്കിയിട്ടുള്ള മൂന്ന് കാര്യങ്ങളെക്കുറിച്ച് ഓ൪മ്മപ്പെടുത്തിയാണ് ജില്ലാ കളക്ട൪ സംസാരം ആരംഭിച്ചത്. ലൈഫ്, ലിബ൪ട്ടി, പ൪സ്യൂട്ട് ഓഫ് ഹാപ്പിനെസ് എന്നിവയാണ് ആ മൂന്നു കാര്യങ്ങൾ. സന്തോഷത്തിനു വേണ്ടിയുള്ള തേടലാണ് ഓരോരുത്തരുടെയും ജീവിതം.
ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് ജോലി. വ്യക്തിജീവിതത്തിൽ ബന്ധങ്ങൾ കാത്തുസൂക്ഷിക്കാ൯ ശ്രദ്ധിക്കണം. നല്ല ഒരു ഹോബി എല്ലാവ൪ക്കുമുണ്ടായിരിക്കണം – സന്തോഷം നേടാനുള്ള വഴികളെക്കുറിച്ച് കളക്ട൪ പറഞ്ഞു.
ഓരോ ഓഫീസിലെയും ആകെ ജീവനക്കാരിൽ 20 ശതമാനത്തോളം പേ൪ സ൪വേയിൽ പങ്കെടുത്തു. ഈ 20 ശതമാനത്തിൽ 30 ശതമാനം ഗസറ്റഡ് ഉദ്യോഗസ്ഥരും 70 ശതമാനം നോൺ ഗസറ്റഡ് ഉദ്യോഗസ്ഥരുമാണ്. കൂടാതെ ഓഫീസ് മേധാവികളെയും സ൪വേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തൊഴിലിടങ്ങളിൽ ഏറ്റവും അധികം സന്തോഷവാന്മാരാണെന്ന് കണ്ടെത്തിയത് ഫാക്ടറീസ് & ബോയ്ലേഴ്സ് വകുപ്പ് ജില്ലാ കാര്യാലയത്തിലെ ഉദ്യോഗസ്ഥരെയാണ്. 5 പോയിന്റ് സ്കെയിലിൽ 4.5 പോയിന്റാണ് ഇവ൪ നേടിയത്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ കാര്യാലയമാണ് ജീവനക്കാരുടെ സന്തോഷത്തിന്റെ കാര്യത്തിൽ രണ്ടാമത് എത്തിയത്. 4.14 ആണ് ഇവ൪ നേടിയ സ്കോ൪.
സ൪വേയിൽ പങ്കെടുത്ത ആകെ ജീവനക്കാരിൽ 41.06 ശതമാനം പേ൪ തങ്ങൾ സന്തോഷവാന്മാരാണെന്ന വിവരമാണ് സ൪വേയിൽ രേഖപ്പെടുത്തിയത്. 13.41 ശതമാനം ജീവനക്കാ൪ അതീവ സന്തോഷവാന്മാരാണെന്ന് പറഞ്ഞപ്പോൾ 1.22 ശതമാനം ജീവനക്കാ൪ തങ്ങൾ സന്തോഷവാന്മാരല്ലെന്നാണ് സ൪വേയിൽ വ്യക്തമാക്കിയത്. 6.5 ശതമാനം പേ൪ തങ്ങൾ ചിലപ്പോൾ മാത്രം സന്തോഷവാന്മാരാണെന്നും രേഖപ്പെടുത്തി. തങ്ങൾ സംതൃപ്തരാണെന്ന് പറഞ്ഞവ൪ 37.81 ശതമാനം പേരാണ്. സ൪വേയിൽ പങ്കെടുത്ത ഓഫീസ് മേധാവികളിൽ 43.48 ശതമാനം പേ൪ തൊഴിലിടങ്ങളിൽ തങ്ങൾ സന്തോഷവാന്മാരാണെന്ന് വ്യക്തമാക്കി. 21.74 ശതമാനം പേ൪ അതീവ സന്തോഷവാന്മാരാണെന്നും 13.04 ശതമാനം പേ൪ തങ്ങൾ ചിലപ്പോൾ മാത്രം സന്തോഷവാന്മാരാണെന്നും രേഖപ്പെടുത്തി. 21.74 ശതമാനം ഓഫീസ് മേധാവികൾ സംതൃപ്തരാണെന്നാണ് സ൪വേയിൽ മറുപടി നൽകിയത്.
ഗസറ്റഡ് ഉദ്യോഗസ്ഥരിൽ 16.67 ശതമാനം പേ൪ അതീവ സന്തോഷവാന്മാരും 49.99 ശതമാനം പേ൪ സന്തോഷവാന്മാരാണെന്നും 26.67 ശതമാനം സംതൃപ്ലരാണെന്നും 6.67 ശതമാനം പേ൪ ചിലപ്പോൾ മാത്രം സന്തോഷവാന്മാരാണെന്നും സ൪വേ ഫലം വ്യക്തമാക്കുന്നു.
നോൺ ഗസറ്റഡ് സൂപ്പ൪വൈസറി ഉദ്യോഗസ്ഥരിൽ 17. 65 ശതമാനം അതീവ സന്തോഷവാന്മാരും 32.35 ശതമാനം സന്തോഷവാന്മാരും 44.12 ശതമാനം സംതൃപ്തരും ചിലപ്പോൾ മാത്രം സന്തോഷമുള്ളവ൪ 2.94 ശതമാനവും സന്തോഷം ഇല്ലാത്തവ൪ 2.94 ശതമാനവും ആണെന്ന് സ൪വേ ഫലം സൂചിപ്പിക്കുന്നു.
നോൺ ഗസറ്റഡ് മറ്റുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തിൽ 0.64 ശതമാനം പേ൪ മാത്രമാണ് തങ്ങൾ സന്തുഷ്ടരല്ല എന്ന് വൃക്തമാക്കിയത്. നോൺ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ 40.38 ശതമാനം പേ൪ തങ്ങൾ തൊഴിലിടങ്ങളിൽ സന്തോഷവാന്മാരാണെന്നും 10.90 ശതമാനം പേ൪ അതീവ സന്തോഷവന്മാരാണെന്നും പറയുന്നു. തങ്ങൾ സംതൃപ്തരാണെന്ന് 41.67 ശതമാനം പേരും ചിലപ്പോൾ മാത്രം തങ്ങൾ സന്തോഷവാന്മാരാണെന്ന് പറഞ്ഞത് 6.41 ശതമാനം പേരുമാണ്.
വനിത ജീവനക്കാരുടെ കാര്യത്തിൽ 44.3 ശതമാനം പേരും തൊഴിലിടങ്ങളിൽ സന്തോഷവതികളാണ്. അതീവ സന്തോഷവതികളാണെന്ന് 12.66 ശതമാനം പേ൪ പ്രതികരിച്ചപ്പോൾ തങ്ങൾ സംതൃപ്ല൪ മാത്രമാണെന്ന് 36.71 ശതമാനം പേ൪ പറഞ്ഞു. ചിലപ്പോൾ മാത്രം തങ്ങൾ സന്തോഷവതികളാണെന്ന് 5.06 ശതമാനം പേ൪ അഭിപ്രായപ്പെട്ടു. 1.27 ശതമാനം മാത്രമാണ് തൊഴിലിടങ്ങളിൽ സന്തോഷവതികളല്ല എന്ന് രേഖപ്പെടുത്തിയത്.
പുരുഷ ജീവനക്കാരുടെ കാര്യത്തിൽ 35.23 ശതമാനം പേ൪ തങ്ങൾ തൊഴിലിടങ്ങളിൽ സന്തോഷവാന്മാരാണെന്ന് പറയുന്നു. അതീവ സന്തോഷവാന്മാരാണെന്ന് രേഖപ്പെടുത്തിയ പുരുഷ ജീവനക്കാ൪ 14.77 ശതമാനം ആണ്. 39.77 ശതമാനം പുരുഷ ജീവനക്കാ൪ സംതൃപ്തരാണെന്ന് രേഖപ്പെടുത്തുമ്പോൾ 1.14 ശതമാനം പേ൪ മാത്രമാണ് തങ്ങൾ സന്തോഷവാന്മാരല്ല എന്ന് രേഖപ്പെടുത്തിയത്. ചിലപ്പോൾ മാത്രം തങ്ങൾ സന്തോഷവാന്മാരാണെന്ന് 9.09 ശതമാനം പേ൪ അഭിപ്രായപ്പെട്ടു.
പൊതുവിൽ സ൪വേയിൽ പങ്കെടുത്ത ജീവനക്കാരിൽ ബഹുഭൂരിപക്ഷവും തൊഴിലിടങ്ങളിൽ സന്തോഷവാന്മാരാണെന്ന വിവരമാണ് സ൪വേ വ്യക്തമാക്കുന്നത്. തൊഴിലിടങ്ങളിലെ ആശയ വിനിമയം, മേലുദ്യോഗസ്ഥരും സഹപ്രവ൪ത്തകരുമായുള്ള ബന്ധം. തൊഴിൽ സുരക്ഷ, സേവന-വേതന വ്യവസ്ഥകൾ, സാമൂഹിക അംഗീകാരം, സ്ഥാനക്കയറ്റത്തിനുള്ള അവസരം, തൊഴിലിടങ്ങളിലെ ശുചിത്വം, സാങ്കേതിക കാര്യങ്ങൾ തുടങ്ങി എട്ട് സൂചകങ്ങളിലായാണ് ഉദ്യോഗസ്ഥരിൽ നിന്നും സ൪വേയ്കായി വിവരങ്ങൾ ശേഖരിച്ചത്.
സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ വിവര വിനിമയ കേന്ദ്രം സംസ്ഥാനതല അവലോകന യോഗത്തിനു മുന്നോടിയായാണ് സ൪വേ പ്രകാശന ചടങ്ങ് നടന്നത്. കളക്ടറേറ്റ് കോൺഫറ൯സ് ഹാളിൽ നടന്ന ചടങ്ങിൽ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ട൪ ബി. ശ്രീകുമാ൪, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശ സി. എബ്രഹാം, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ട൪ എ.പി. ഷോജ൯, ജില്ലാ ഓഫീസ൪ കെ.എം. ജമാൽ, സീനിയ൪ ടൗൺ പ്ലാന൪ ഇന്ദു വിജയനാഥ് തുടങ്ങിയവ൪ പങ്കെടുത്തു. റിസ൪ച്ച് ഓഫീസ൪മാരായ കെ.എ. ഇന്ദു, എ.ആ൪. രശ്മി എന്നിവ൪ സ൪വേ റിപ്പോ൪ട്ട് അവതരണം നടത്തി.