തിരുവനന്തപുരം∙ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടേത് ശരിയായ പെരുമാറ്റമായിരുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാപ്പുപറഞ്ഞാൽ പ്രശ്നം തീരില്ലെന്നു പരാതിക്കാരി പറഞ്ഞുകഴിഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.
മാധ്യമപ്രവർത്തകയ്‌ക്കെതിരെയുള്ള മോശം പെരുമാറ്റത്തിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യംചോദിക്കവേയാണു സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ തോളിൽ കൈവയ്ക്കുകയും മോളെ എന്നു വിളിക്കുകയും ചെയ്തത്.
അതേസമയം ‘കേരളീയം 2023’ ആഘോഷവുമായി ജനങ്ങൾ സഹകരിക്കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. നേതാക്കൾ സഹകരിച്ചില്ലെങ്കിലും കേരളീയത്തിൽ ജനങ്ങൾ പങ്കെടുക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവിന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിനോടായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വിദ്വേഷ പരാമർശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെപിസിസിയുടെ പരാതിക്കുപിന്നിൽ മറ്റുള്ളവരെ സഹായിക്കാനുള്ള താത്‌പര്യമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.