കണ്ണൂര്‍: സി. സദാനന്ദന്റെ രാജ്യസഭാംഗത്വം ജയരാജന്മാരില്‍ അങ്കലാപ്പുണ്ടാക്കിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കണ്ണൂരിലേക്ക് കൈയെത്തിപ്പിടിക്കാനുള്ള ആദ്യത്തെ വാതില്‍ തുറക്കലാണിതെന്നും തന്നെ മാറ്റി സി. സദാനന്ദനെ മന്ത്രിയാക്കിയാല്‍ അത് പുതിയ രാഷ്ട്രീയചരിത്രമാകുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രജ പരാമര്‍ശത്തെയും അദ്ദേഹം ന്യായീകരിച്ചു. മട്ടന്നൂരില്‍ സി. സദാനന്ദന്‍ എംപിയുടെ ഓഫീസ് ഉദ്ഘാടനചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു സുരേഷ് ഗോപി.
”ഒരുപക്ഷേ, ഈ സ്ഥാനാരോഹണത്തെ സംബന്ധിച്ച് പ്രിയങ്കരായ ജയരാജൻ സഹോദരന്മാര്‍ക്ക് ഒരു അങ്കലാപ്പ് ഉണ്ടായിക്കാണും. കണ്ണൂരെന്ന് പറയുന്നത് ഇപ്പോഴും നമുക്ക് മനസ്സെത്താ ദൂരത്ത് അല്ലാ എന്ന് എനിക്ക് നല്ല ദൃഢനിശ്ചയമുണ്ട്. അതിലേക്കുള്ള ആദ്യത്തെ വാതില്‍തുറപ്പാണ് ശ്രീ സദാനന്ദന്‍ മാസ്റ്റര്‍. ഇന്ന് അദ്ദേഹത്തിന്റെ എംപി ഓഫീസ് അല്പസമയം മുന്‍പ് തുറന്നുവെച്ചു. അദ്ദേഹത്തെ എംപിയുടെ കസേരയില്‍ പിടിച്ചിരുത്തുമ്പോഴും ഞാന്‍ പ്രാര്‍ഥിച്ചത് ഏറെ വൈകാതെ അതൊരു മന്ത്രിയുടെ ഓഫീസായി മാറണേ എന്നാണ്.
പ്രജ എന്നുപറഞ്ഞാല്‍ അപ്പോള്‍ത്തന്നെ അസുഖമാണ് എല്ലാവര്‍ക്കും. പ്രജാതന്ത്രം എന്താണെന്ന് അവരൊക്കെ ആദ്യം പഠിക്കണം. ആംഗലേയ സാഹിത്യത്തില്‍ യുഫെമിസം എന്ന ഒരുവാക്കുണ്ട്. ജനതയ്ക്ക് യുഫെമിസം നല്‍കിയ വാക്കാവണം പ്രജ. അതിന് ഉടനെ ഇപ്പുറത്ത് രാജാവുണ്ട് എന്നതല്ല. രാജനീതി എന്ന് പറയുന്നതും ഇന്നുണ്ട്. വോട്ട് വാങ്ങാന്‍ നടക്കുന്ന നികൃഷ്ടജീവികളുടെ ഒരു തന്ത്രമാണ് ഈ വാക്കുകളൊക്കെ എടുത്തുവെച്ച് വിരുദ്ധംചെയ്യുക എന്നത്”, സുരേഷ് ഗോപി പറഞ്ഞു.


