KeralaNews

കിരീടം നല്‍കിയത് ത്രാണിക്കനുസരിച്ച്,അതിന് കണക്കെടുക്കാതെ പാവങ്ങളുടെ ജീവന്റെ കണക്കെടുക്ക്;സുരേഷ് ഗോപി

തൃശൂര്‍: കിരീട വിവാദത്തില്‍ പ്രതികരണവുമായി ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. തന്റെ ത്രാണിക്കനുസരിച്ചാണ് കിരീടം നല്‍കിയതെന്നും അത് കുടുംബപരമായ ആചാരമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ലൂര്‍ദ്ദ് പള്ളിയില്‍ സുരേഷ് ഗോപി സമര്‍പ്പിച്ചത് ചെമ്പില്‍ സ്വര്‍ണം പൂശിയ കിരീടമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

‘നിരവധി വിശ്വാസികള്‍ ഇത് ചെയ്യുന്നു. കൂട്ടത്തില്‍ ഞാനും ചെയ്തു. പലരും അതിന് താഴെ ചെയ്തിട്ടുണ്ട്, അതിന് മേലെ ചെയ്തിട്ടുണ്ട്. എന്റെ ത്രാണിക്കനുസരിച്ച് ഞാന്‍ ചെയ്തു. അതിന്റെ കണക്കെടുക്കാന്‍ നടക്കാതെ പോയി കരുവന്നൂരും കേരളത്തിലെ നൂറു കണക്കിന് ബാങ്കുകളിലും ലക്ഷക്കണക്കിന് പാവങ്ങളുടെ ചോരയ്ക്കും ജീവനും ഉത്തരം നല്‍കുന്ന കണക്കെടുപ്പ് നടത്ത്’, സുരേഷ് ഗോപി പറഞ്ഞു.

മകളുടെ വിവാഹത്തിന് മുന്നോടിയായി ജനുവരി 15നാണ് സുരേഷ് ഗോപി ലൂര്‍ദ്ദ് പള്ളിയില്‍ കുടുംബത്തോടൊപ്പം എത്തി കിരീടം സമര്‍പ്പിച്ചത്. ഇതിന് പിന്നാലെ കിരീടം ചെമ്പില്‍ സ്വര്‍ണം പൂശിയതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കിരീടത്തിലെ സ്വര്‍ണത്തിന്റെ തൂക്കം അറിയാന്‍ അന്വേഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പള്ളി വികാരിയെയും ട്രസ്റ്റിയെയും കൈക്കാരന്മാരെയും ചേര്‍ത്തായിരുന്നു കമ്മിറ്റി രൂപീകരിച്ചത്. ഈ കമ്മിറ്റി കിരീടത്തിലെ സ്വര്‍ണത്തിന്റെ അളവ് ശാസ്ത്രീയമായി പരിശോധിക്കും.

കിരീടത്തിലെ സ്വര്‍ണത്തിന്റെ അളവ് കൃത്യമായി പരിശോധിച്ച് സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ലെങ്കില്‍ വരും കാല ഇടവക പ്രതിനിധികള്‍ കിരീടം പരിശോധിക്കുകയും ഇപ്പോഴത്തെ ട്രസ്റ്റിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്താല്‍ മറുപടി ഉണ്ടാകില്ലെന്നും ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് കിരീടം ശാസ്ത്രീയമായി പരിശോധിക്കാന്‍ ധാരണയായത്.

തുടര്‍ന്ന് കിരീടത്തില്‍ എത്ര സ്വര്‍ണ്ണമുണ്ടെന്ന് അറിയണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലീലാ വര്‍ഗീസും രംഗത്തെത്തി. ലൂര്‍ദ് ഇടവക പ്രതിനിധി യോഗത്തിലായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടത്. മകളുടെ വിവാഹത്തിന് മുന്നോടിയായിട്ടാണ് സുരേഷ് ഗോപി ലൂര്‍ദ് മാതാ ദേവാലയത്തില്‍ കിരീടം സമര്‍പ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button