ന്യൂഡൽഹി: മൂന്നാം എൻ.ഡി.എ സർക്കാരിന്റെ ആദ്യ ബജറ്റിൽ കേരളത്തെ സമ്പൂർണമായി അവഗണിച്ചുവെന്ന ആരോപണത്തോട് പ്രതികരിക്കാതെ കേന്ദ്രമന്തി സുരേഷ് ഗോപി. കേരളത്തിന് മന്ത്രിമാരേയുള്ളൂ മറ്റൊന്നും ലഭിക്കുന്നില്ലെന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് അവർ ആരോപിച്ചോട്ടേ എന്ന് മാത്രമായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഈ ബജറ്റ് വട്ടപൂജ്യമാണെന്ന് കോണ്‍ഗ്രസ് എം.പി. കെ. സുധാകരന്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷം ഒന്നിച്ച് നിന്ന് എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ നിന്നും രണ്ട് സഹമന്ത്രിമാരുള്ള കാര്യം ബി.ജെ.പി മറന്ന മട്ടാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. കേന്ദ്രബജറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നും ഈ ബജറ്റില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ എയിംസ് ഇക്കുറി പരിഗണിക്കപ്പെടുമെന്ന് സംസ്ഥാനം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അതുണ്ടായില്ല. തൃശ്ശൂര്‍ എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി സംസ്ഥാനത്ത് എയിംസ് വരുമെന്ന തരത്തിൽ നിരവധി തവണ പ്രസ്താവനകൾ നടത്തുകയും ചെയ്തിരുന്നു.