വായ്പാ കുടിശിക തീര്‍ത്ത് ആധാരം തിരികെ എടുത്തുനല്‍കി; നന്ദി പറയാനെത്തി വയോധിക, കാലില്‍ വീണ് അനുഗ്രഹം തേടി സുരേഷ് ഗോപി എം.പി

കൊടുങ്ങല്ലൂര്‍: പണയത്തിലായിരുന്ന ആധാരം തിരികെ എടുക്കാന്‍ സാധിക്കാതെ വലഞ്ഞ വയോധികയ്ക്ക് കൈത്താങ്ങായി സുരേഷ് ഗോപി എംപി. പണയത്തിലായിരുന്ന ആധാരം വായ്പാ കുടിശിക തീര്‍ത്ത് തിരിച്ചെടുത്ത് നല്‍കുകയായിരുന്നു സുരേഷ് ഗോപി. തുടര്‍ന്ന് നേരിട്ട് നന്ദി പറയാനെത്തിയ അമ്മയുടെ കാലില്‍ തൊട്ട് വണങ്ങി കൈനീട്ടം നല്‍കുകയും ചെയ്തു അദ്ദേഹം.

പൊട്ടിക്കരഞ്ഞ അമ്മയെ ചേര്‍ത്ത് നിര്‍ത്തി കൈനീട്ടത്തിനൊപ്പം കണിക്കൊന്നയും അദ്ദേഹം സമ്മാനിച്ചിരുന്നു. കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പണിക്കേഴ്‌സ് ഹാളില്‍ നടത്തിയ വിഷു കൈനീട്ടം പരിപാടിയിലായിരുന്നു സംഭവം.

കാറിലിരുന്ന് വിഷുക്കൈനീട്ടം നല്‍കുകയും സ്ത്രീകള്‍ സുരേഷ് ഗോപിയുടെ കാല്‍തൊട്ട് വണങ്ങുകയും ചെയ്തത് വലിയ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സുരേഷ് ഗോപി വയോധികയുടെ കാലില്‍ വണങ്ങുന്ന വീഡിയോ ബിജെപി അനുകൂല അക്കൗണ്ടുകളില്‍ നിറയുകയാണ്. കഴിഞ്ഞ ആഴ്ച കൊടുങ്ങല്ലൂരില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് വിവാദങ്ങള്‍ക്ക് പിന്നാലെ പ്രചരിക്കുന്നത്.

മുമ്പ് സോഷ്യല്‍ മീഡിയാ ആക്ടിവിസ്റ്റ് ആയ സുശാന്ത് നിലമ്പൂര്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സുരേഷ് ഗോപി കണ്ണംകുളങ്ങര സ്വദേശിനി പുഷ്പയെക്കുറിച്ച് അറിയാന്‍ ഇടയായത്. പുഷ്പ താമസിക്കുന്ന വീടിന്റെ ആധാരം പണയത്തിലായിരുന്നു.

ഏക ആശ്രയമായിരുന്ന ഇളയ മകന്‍ മരിച്ചതോടെ ലോട്ടറി വില്‍പ്പന തുടങ്ങിയ വയോധികയായ പുഷ്പയുടെ ജീവിതത്തെക്കുറിച്ച് അന്വേഷിച്ചറിഞ്ഞ സുരേഷ് ഗോപി സഹായിക്കാന്‍ തയ്യാറായി മുന്നോട്ടുവരികയായിരുന്നു. പണയത്തിലിരുന്ന ആധാരം താരം തിരിച്ചെടുത്ത് നല്‍കി. ഇതിന് നന്ദി പറയാന്‍ കൂടിയാണ് പുഷ്പ കൊടുങ്ങല്ലൂരിലെ പരിപാടിക്ക് എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News