തൃശൂര്‍: ശബരിമലയില്‍ നിയമനിര്‍മാണം കൊണ്ടുവരുമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും രാജ്യസഭ എം.പിയും നടനുമായ സുരേഷ് ഗോപി. വൃത്തികെട്ട രാഷ്ട്രീയക്കാരെ ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ശബരിമല വിഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ബിജെപി അധികാരത്തില്‍ വന്നാല്‍ ശബരിമലയില്‍ നിയമനിര്‍മാണം കൊണ്ടുവരുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഒരു വിഭാഗം യാത്രക്കാരെ ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കേണ്ടതുണ്ടെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുരേഷ് ഗോപി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. പനിയും ശ്വാസതടസവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് സുരേഷ് ഗോപിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ചികിത്സയ്ക്ക് ശേഷം പത്ത് ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. കൊവിഡ് വാക്സിന്‍ എടുത്ത ശേഷമായിരിക്കും തൃശൂരിലടക്കം പ്രചാരണ രംഗത്ത് സുരേഷ് ഗോപി സജീവമാകുക.
അതേസമയം ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നിലവില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വന്നപ്പോള്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമാണ് ശബരിമലയില്‍ താല്‍പര്യം കൂടിയിരിക്കുന്നതെന്നും മുഖ്യമന്ത്രി മഞ്ചേരിയില്‍ പറഞ്ഞു.
ശബരിമല വിധി വന്നാലും തുടര്‍നടപടികള്‍ എല്ലാവരോടും ആലോചിച്ച് മാത്രമായിരിക്കും തീരുമാനിക്കുക. തെരഞ്ഞെടുപ്പില്‍ ബിജെപി-കോണ്‍ഗ്രസ് രഹസ്യ ധാരണയുണ്ട്. എല്‍ഡിഎഫ് ഒരു അവസരവാദ നിലപാടിനും ഇല്ലെന്നും പിണറായി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ പിന്നിലായ പ്രതിപക്ഷം കടുത്ത നിരാശയിലാണ്. ഇടതുപക്ഷത്തെ നേരിടാന്‍ നേരായ മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ പ്രതിപക്ഷം അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. ജനങ്ങളുടെ പ്രതീക്ഷയും ഇനി എല്‍ഡിഎഫിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫ് ഭരണത്തില്‍ കേരളത്തില്‍ വന്‍ മുന്നേറ്റങ്ങളാണ് ഉണ്ടായത്. കേരളം ഒട്ടും മാറില്ല, ഒരു പുരോഗതിയിലും ഉണ്ടാകില്ല എന്ന പഴയ ധാരണ തിരുത്താന്‍ കഴിഞ്ഞു. വികസനത്തെ കുറിച്ച് പറയുമ്പോള്‍ ഇടത് സര്‍ക്കാര്‍ രാഷ്ട്രീയത്തില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.