കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ തന്നെ നിരന്തരം അധിക്ഷേപിക്കുന്ന യുവതിക്കെതിരെ നിര്‍മാതാവ് സുപ്രിയ മേനോന്‍. ക്രിസ്റ്റീന എല്‍ദോ എന്ന യുവതിയാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഫേക്ക് അക്കൗണ്ടുകളാക്കി തനിക്കെതിരെ നിരന്തരം അധിക്ഷേപ കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നതെന്ന് സുപ്രിയ പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഈ യുവതിയുടെ ചിത്രവും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്.
ഇവരുടെ ഫേക്ക് അക്കൗണ്ട് കണ്ടെത്തി ബ്ലോക്ക് ചെയ്യുകയാണ് തന്റെ സ്ഥിരം പരിപാടിയെന്നും ഇവര്‍ക്കെതിരെ പരാതിയുമായി മുന്നോട്ടുപോകാത്തത് ഇവര്‍ക്ക് ഒരു ചെറിയ മകനുള്ളതുകൊണ്ടുമാണെന്ന് സുപ്രിയ വ്യക്തമാക്കുന്നു. ഫില്‍റ്റര്‍ ഇട്ടിരിക്കുന്ന ഈ മുഖംപോലും അവരുടെ ഉള്ളിലെ വെറുപ്പിനേയും വിദ്വേഷത്തേയും മറയ്ക്കാന്‍ പര്യാപ്തമല്ലെന്നും സുപ്രിയ ചൂണ്ടിക്കാണിക്കുന്നു.
‘ഇത് ക്രിസ്റ്റിന എല്‍ദോ. എന്നെക്കുറിച്ച് എന്തെങ്കിലും പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടുകളിലെല്ലാം മോശം കമന്റുകള്‍ ഇടുന്നതാണ് ഇവരുടെ പ്രധാന ജോലി. ഇവര്‍ ഒരുപാട് വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും അത് വഴി പോസ്റ്റുകള്‍ ഇടുകയും ഞാന്‍ അവരെ കണ്ടെത്തി ബ്ലോക്ക് ചെയ്യുകയും ചെയ്യാറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇവര്‍ ആരാണെന്ന് ഞാന്‍ കണ്ടെത്തിയിരുന്നു. പക്ഷേ ഒരു ചെറിയ മകനുള്ളതിനാല്‍ പ്രതികരിക്കേണ്ട എന്ന് കരുതി വിടുകയായിരുന്നു. ഇവര്‍ ഇപ്പോള്‍ ഈ ചിത്രത്തിന് ഇട്ടിരിക്കുന്ന ഫില്‍ട്ടര്‍പോലും 2018 മുതല്‍ അവര്‍ ഉള്ളില്‍ സൂക്ഷിച്ചിരിക്കുന്ന വെറുപ്പും എനിക്കെതിരെ തുപ്പുന്ന വൃത്തികേടും മറയ്ക്കാന്‍ പര്യാപ്തമല്ല’-സുപ്രിയ മേനോന്‍ കുറിച്ചു.
2023-ലും ഇത്തരത്തില്‍ ഒരു പോസ്റ്റ് സുപ്രിയ പങ്കുവെച്ചിരുന്നു. തനിക്കെതിരെ സൈബര്‍ ബുള്ളിയിങ് നടത്തുകയും മരിച്ചുപോയ അച്ഛനെ കുറിച്ച് വരെ മോശം കമന്റുകള്‍ ഇടുകയും ചെയ്ത സ്ത്രീയെ കുറിച്ചായിരുന്നു ആ പോസ്റ്റ്. ആ യുവതി ഒരു നഴ്‌സാണെന്നും അവര്‍ക്കൊരു കുഞ്ഞുണ്ടെന്നും അന്ന് സുപ്രിയ പറഞ്ഞിരുന്നു. ഇപ്പോള്‍ സൈബര്‍ ബുള്ളിയിങ് വീണ്ടും തുടങ്ങിയതോടെയാണ് സുപ്രിയ യുവതിയുടെ പേരും മുഖവും വെളിപ്പെടുത്തിയത്.


