ന്യൂഡല്‍ഹി: ബോംബെ ഹൈക്കോടതിയുടെ വിവാദ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. വസ്ത്രത്തിനു മുകളിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിച്ചാല്‍ പോക്‌സോ നിയമപ്രകാരം കുറ്റകരമല്ലെന്നായിരുന്നു വിവാദ വിധി. ഈ മാസം 19 ന് ആണ് വിവാദ ഉത്തരവ് ഉണ്ടായത്. വിധി മോശം മാതൃകയാണ് സൃഷ്ടിക്കുകയെന്ന് സുപ്രീം കോടതിയില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു.
ബോംബെ ഹൈക്കോടതി നാഗ്പൂര്‍ ബഞ്ചിലെ ജസ്റ്റീസ് പുഷ്പ ഗണ്‍ദിവാലയാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ലൈംഗീക ഉദ്ദേശവുമായി ചര്‍മ്മത്തില്‍ ചര്‍മ്മകൊണ്ടുള്ള സമ്പര്‍ക്കം ഉണ്ടായാല്‍ മാത്രമേ ഒരു പ്രവൃത്തിയെ ലൈംഗീകാതിക്രമമായി കണക്കാക്കാനാവൂ എന്നായിരുന്നു വിധി.
ഉടുപ്പിനു മുകളില്‍ കൂടിയുള്ള സ്പര്‍ശനമോ താഡനമോ കുറ്റകൃത്യമല്ലെന്ന് വിധിയില്‍ പറയുന്നു. ലൈംഗീകാതിക്രമ കേസില്‍ കീഴ്‌ക്കോടതി മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ച 39 വയസുകാരന്‍ നല്‍കിയ അപ്പീലിലായിരുന്നു ഉത്തരവ്. ഇയാള്‍ 12 വയസുള്ള കുട്ടിയുടെ ഷാള്‍ മാറ്റി മാറിടത്തില്‍ പിടിച്ചെന്നായിരുന്നു കേസ്.
പേരയ്ക്ക തരാമെന്ന് പറഞ്ഞ് വീടിനകത്തേക്ക് വിളിച്ച് വരുത്തിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി അമ്മയോട് വിവരങ്ങള്‍ പറഞ്ഞതോടെ കുടുംബം പോലീസില്‍ പരാതി നല്‍കി. പോക്‌സോ നിയമപ്രകാരം അറസ്റ്റിലായ ഇയാളെ ജില്ലാ കോടതി മൂന്നു വര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി, കേസില്‍ പോക്‌സോ വകുപ്പ് നിലനില്‍ക്കില്ലെന്ന വിചിത്രമായ കണ്ടെത്തലാണ് നടത്തിയത്.
പോക്‌സോ ചുമത്തണമെങ്കില്‍ പ്രതി വസ്ത്രത്തിനുള്ളിലൂടെ സ്പപര്‍ശിക്കണമായിരുന്നു. പ്രതി മാറിടത്തില്‍ പിടിച്ചെന്ന് പറയുന്നത് വസ്ത്രത്തിന് പുറത്ത് കൂടിയാണ്. ഇത് ലൈംഗീകാതിക്രമമല്ല. ശരീരത്തില്‍ നേരിട്ട് സ്പര്‍ശിക്കാത്ത പക്ഷം സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് മാത്രം ചുമത്താം എന്നായിരുന്നു കോടതി ഉത്തരവ്.