ന്യൂഡൽഹി: തമിഴ്നാട് ഗവർണർ ആർ.എൻ. രവിയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ഗവർണർ അവിടെ എന്ത് ചെയ്യുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചു. മുതിർന്ന ഡി.എം.കെ. നേതാവ് പൊന്മുടിയെ മന്ത്രിയാക്കാൻ വിസമ്മതിച്ചതിനെതിരെ തമിഴ്നാട് സർക്കാർ ഫയൽ ചെയ്ത കേസിലാണ് സുപ്രീം കോടതിയുടെ വിമർശനം.
അനധികൃത സ്വത്തുസമ്പാദനക്കേസിന്റെ ശിക്ഷയിൽ സ്റ്റേ നേടിയ പൊൻമുടിയെ മന്ത്രിയായി സത്യവാചകം ചൊല്ലി കൊടുക്കാൻ തമിഴ്നാട് ഗവർണർക്ക് സുപ്രീം കോടതി അന്ത്യശാസനം നൽകി. 24 മണിക്കൂർ സമയമാണ് ഇതിനായി നൽകുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതിനകം സത്യപ്രതിജ്ഞ ചടങ്ങ് നടന്നില്ലെങ്കിൽ ഉത്തരവ് ഇറക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പൊന്മുടി കുറ്റക്കാരനാണെന്ന കണ്ടെത്തൽ സ്റ്റേ ചെയ്തതാണ് എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. എന്നിട്ടും സത്യപ്രതിജ്ഞ ചെയ്യിക്കില്ലെന്നാണ് ഗവർണർ പറയുന്നത്. സുപ്രീം കോടതി ഇതിനെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഗവർണറെ അറിയിക്കാൻ അറ്റോർണി ജനറലിനോട് കോടതി നിർദേശിച്ചു.
ഗവർണർ ഭരണഘടനയ്ക്ക് അതീതമായി പ്രവർത്തിക്കുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. തമിഴ്നാട് സർക്കാർ നൽകിയ കേസിന്റെ സാങ്കേതികത്വം പറഞ്ഞ് ഗവർണർ എങ്ങനെയാണ് നടപടിയെ ന്യായീകരിക്കുക എന്നും കോടതി ചോദിച്ചു.
പൊന്മുടിയുടെ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തുവെങ്കിലും, അദ്ദേഹത്തെ മന്ത്രിയായി സത്യവാചകം ചൊല്ലിക്കൊടുക്കാൻ ഭരണഘടനപരമായ ധാർമികത അനുവദിക്കുന്നില്ല എന്നാണ് ഗവർണർ പറഞ്ഞിരുന്നത്. ഇതിനെതിരെയാണ് തമിഴ് നാട് സർക്കാരും, പൊന്മുടിയും സുപ്രീം കോടതിയെ സമീപിച്ചത്.