ന്യൂഡല്‍ഹി: കൗമാരക്കാരായ പെണ്‍കുട്ടികള്‍ ലൈംഗിക ചോദന നിയന്ത്രിക്കണമെന്ന വിവാദ പരാമര്‍ശം നടത്തിയ കൽക്കത്ത ഹൈക്കോടതിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. വ്യക്തിപരമായ വീക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതും സദാചാരപ്രസംഗം നടത്തുന്നതുമല്ല ജഡ്ജിമാരില്‍ നിന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കൽക്കത്ത ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ ആക്ഷേപകരവും അനാവശ്യവുമാണെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഒക, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
‘കൽക്കത്ത ഹൈക്കോടതിയുടെ വിധിയിലെ നിരവധി പരാമര്‍ശങ്ങള്‍ വളരെ ആക്ഷേപകരവും തികച്ചും അനാവശ്യവുമാണ്. പ്രഥമദൃഷ്ട്യാ തന്നെ അത് കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണ്. വ്യക്തിപരമായ വീക്ഷണങ്ങളുടെ പ്രകടനമോ സദാചാര പ്രസംഗമോ അല്ല ജഡ്ജിമാരില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്’, സുപ്രീം കോടതി പറഞ്ഞു.
കേസില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനും ബന്ധപ്പെട്ട മറ്റ് കക്ഷികള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. കോടതിയെ സഹായിക്കാനായി അഡ്വ. മാധവി ദിവാനെ അമിക്കസ് ക്യൂരിയായി നിയമിച്ചു. അഡ്വ. ലിസ് മാത്യുവിനെ അമിക്കസ് ക്യൂരിയെ സഹായിക്കാനും കോടതി ചുമതലപ്പെടുത്തി. കൽക്കത്ത ഹൈക്കോടതിയുടെ വിധിയില്‍ സ്വമേധയാ എടുത്ത കേസിലാണ് സുപ്രീം കോടതിയുടെ തീരുമാനം
ഒക്ടോബറിലാണ് കൽക്കത്ത ഹൈക്കോടതി വിവാദമായ വിധി പ്രസ്താവിച്ചത്. രണ്ട് മിനിറ്റ് നേരത്തെ സുഖത്തിനായി വഴങ്ങിക്കൊടുക്കുമ്പോള്‍ പെണ്‍കുട്ടികളെയാണ് സമൂഹം മോശക്കാരായി കാണുകയെന്നും അതിനാല്‍ കൗമാരക്കാരായ എല്ലാ പെണ്‍കുട്ടികളും തങ്ങളുടെ ലൈംഗിക ചോദന നിയന്ത്രിക്കണമെന്നുമാണ് ജസ്റ്റിസുമാരായ ചിത്ത രഞ്ജന്‍ ദാസ്, പാര്‍ത്ഥസാരഥി സെന്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് വിധി പ്രസ്താവത്തില്‍ പറഞ്ഞത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍സുഹൃത്തുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായുള്ള പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട ആണ്‍കുട്ടി നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍. സെഷന്‍സ് കോടതി വിധി റദ്ദാക്കിയ കൽക്കത്ത ഹൈക്കോടതി, പ്രായപൂര്‍ത്തിയാകാത്തവരുടെ ലൈംഗിക ബന്ധം സംബന്ധിച്ച നിയമപരമായ സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിന് സ്‌കൂളുകളില്‍ സമഗ്ര ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.