ലക്ഷദ്വീപ് എംപിക്ക് ആശ്വാസം, വധശ്രമ കേസിൽ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ; എംപി സ്ഥാനത്ത് തുടരാം

ന്യൂഡല്‍ഹി: ലോക്‌സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസല്‍ വധശ്രമക്കേസില്‍ കുറ്റക്കാരനാണെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ലക്ഷദ്വീപ് സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ ഫൈസലിന് എം.പി. സ്ഥാനം തിരിച്ച് ലഭിക്കും. ഫൈസലിന്റെ ഹര്‍ജിയില്‍ ലക്ഷദ്വീപ് സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള കേസിലെ എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചു. നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.

വധശ്രമക്കേസില്‍ ഫൈസലിനെതിരായ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്‌തെങ്കിലും കുറ്റക്കാരനാണെന്നത് ഹൈക്കോടതി മരവിപ്പിച്ചിരുന്നില്ല. കുറ്റക്കാരനാണെന്ന കണ്ടെത്തല്‍ മരവിപ്പിക്കാത്ത സാഹചര്യത്തിലാണ് ഫൈസലിന്റെ എം.പി. സ്ഥാനം ലോക്‌സഭാ സെക്രട്ടേറിയറ്റ് അയോഗ്യമാക്കിയത്. കുറ്റക്കാരനാണെന്ന കണ്ടെത്തല്‍ സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ ഫൈസലിന്റെ അയോഗ്യത റദ്ദാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് പുതിയ വിജ്ഞാപനം ഇറക്കിയേക്കും.

സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍, അഭിഭാഷകന്‍ കെ.ആര്‍. ശശിപ്രഭു എന്നിവരാണ് ഫൈസലിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News