ന്യൂഡൽഹി: ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ എ. രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി അസാധുവാക്കിയതോടെ ദേവികുളം മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത അവസാനിച്ചു. സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ രാജയ്ക്ക് അർഹത ഉണ്ടെന്ന് ചൊവ്വാഴ്ച സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അഭയ് എസ് ഓക, എ. അമാനുള്ള, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവം നടത്തിയത്.
ക്രിസ്തു മതത്തിലേക്ക് രാജ മതം മാറിയിരുന്നുവെന്നും അതിനാൽ സംവരണ മണ്ഡലത്തിൽ രാജയ്ക്ക് മത്സരിക്കാൻ കഴിയില്ലെന്നുമായിരുന്നു കേരള ഹൈക്കോടതി വിധി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രാജയുടെ വിജയം ഹൈക്കോടതി റദ്ദാക്കിയത്. എന്നാൽ ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കിയതെന്ന് എന്നായിരുന്നു രാജയുടെ അഭിഭാഷകരുടെ വാദം.
ഇന്ത്യന്‍ ഭരണഘടനയിലെ (പട്ടിക ജാതി) ഉത്തരവ് നിലവിൽവന്ന 1950 ഓഗസ്റ്റ് 10-ന് മുമ്പാണ് തന്റെ പൂർവികർ കേരളത്തിലേക്ക് കുടിയേറിയത് എന്നായിരുന്നു രാജയുടെ വാദം. കുടിയേറുന്ന സമയത്ത് തമിഴ്നാട്ടിൽ സംവരണത്തിന് അർഹത ഉണ്ടായിരുന്ന ഹിന്ദു പറയർ വിഭാഗക്കാരായിരുന്നു. അതിനാൽ കേരളത്തിലും സംവരണത്തിന് അർഹത തുടരും എന്നായിരുന്നു രാജയുടെ വാദം.
യഥാർത്ഥ മതം സംബന്ധിച്ച ചില സുപ്രധാന രേഖകള്‍ രാജ കോടതിയില്‍നിന്ന് മറച്ചുവച്ചെന്ന് എതിര്‍ സ്ഥാനാര്‍ത്ഥിയായ ഡി കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. രാജയുടെ വിവാഹം ക്രിസ്തു മതാചാര പ്രകാരമാണ് നടന്നതെന്ന് കോടതിയില്‍ കുമാറിന്റെ അഭിഭാഷകർ വാദിച്ചിരുന്നു.

