ന്യൂഡല്‍ഹി: ‘ദി കേരള സ്റ്റോറി’ സിനിമയ്‌ക്കെതിരായ ഹര്‍ജികള്‍ ഇന്നുതന്നെ പരിഗണിക്കാന്‍ കേരള ഹൈക്കോടതിയോട് നിര്‍ദേശിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സീനിയര്‍ അഭിഭാഷകന്‍ ഹുസേഫ അഹമ്മദിയുടെ ആവശ്യം തള്ളിയത്.
സിനിമയില്‍ അഭിനയിച്ച താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും അധ്വാനത്തെ പറ്റി ആലോചിക്കണമെന്നും, സിനിമയെക്കുറിച്ച് പറയുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ചിത്രം നല്ലതാണോ എന്ന് പ്രേക്ഷകര്‍ തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
ദി കേരള സ്റ്റോറിയെന്ന ചിത്രത്തത്തിന് എതിരായ ഹര്‍ജികള്‍ ഫയല്‍ ചെയ്യുകയാണെങ്കില്‍ അടിയന്തിരമായി പരിഗണിക്കണമെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തുവെങ്കിലും അവധിക്കാല ജഡ്ജി ഹര്‍ജി ഇന്ന് പരിഗണിക്കാന്‍ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.
ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി അവധിയില്‍ ആണെന്നും, ഹര്‍ജി അവധിക്കാല ജഡ്ജി എന്‍ നഗരേഷിന്റെ മുന്നില്‍ ലിസ്റ്റ് ചെയ്യാന്‍ അദ്ദേഹം നിര്‍ദേശിച്ചതായും ഹുസേഫ അഹമ്മദി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഹര്‍ജി നാളെ കേള്‍ക്കാമെന്ന നിലപാടാണ് ജസ്റ്റിസ് നഗരേഷ് സ്വീകരിച്ചത് എന്നും അദ്ദേഹം ആരോപിച്ചു
. ഇക്കാര്യം ആക്ടിങ് ചീഫ് ജസ്റ്റിസ് ഭട്ടി അവധിയില്‍ ആണെങ്കില്‍ രണ്ടാമനായ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന് മുന്നിലോ ഉന്നയിക്കാന്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നിര്‍ദേശിച്ചു. എന്നാല്‍ സുപ്രീം കോടതി ഇക്കാര്യത്തത്തില്‍ ഒരു നിര്‍ദേശം നല്‍കണം എന്നായിരുന്നു ഹുസേഫയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല.