ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും പ്രശസ്തവും പുരാവസ്തു സ്മാരകവുമായ താജ് മഹലിന്റെ കാലപ്പഴക്കം നിർണയിക്കണമെന്ന ആവശ്യവുമായുള്ള ഹർജി സുപ്രീം കോടതി തള്ളി. ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദ്ദേശം നൽകണമെന്നാണ് പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെട്ടത്. ചരിത്ര പുസ്തകങ്ങളിൽ നിന്ന് താജ‌്മഹലുമായി ബന്ധപ്പെട്ട തെറ്റായ വസ്തുതകൾ നീക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ നിങ്ങളാണോ തെറ്റായ വസ്തുതകൾ തീരുമാനിക്കുന്നതെന്ന ചോദ്യം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി.
സുപ്രീം കോടതി ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ ഈ ആവശ്യം ഉന്നയിച്ച് സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. കോടതിക്ക് ഈ വസ്തുതകൾ തെറ്റാണോ ശരിയാണോയെന്ന് എങ്ങിനെ തീരുമാനിക്കാനാവും എന്ന് ഡിവിഷൻ ബെഞ്ച് അംഗങ്ങളായ ജസ്റ്റിസ് എംആർ ഷായും ജസ്റ്റിസ് സിടി രവികുമാറും ചോദിച്ചു. ഇതോടെ ഹർജിക്കാരൻ, ഹർജി പിൻവിലിക്കുകയാണെന്നും ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ സമീപിക്കാമെന്നും കോടതിയിൽ വ്യക്തമാക്കി.
രണ്ട് മാസം മുൻപും സമാനമായ ഹർജി കോടതിയുടെ പരിഗണനയിലെത്തിയിരുന്നു. എന്നാൽ കോടതി ഹർജി പരിഗണിക്കാതിരുന്നതോടെ ഇതും പിൻവലിക്കുകയാണുണ്ടായത്. താജ്മഹല്‍ (Taj Mahal) മുഗൾ രാജാവായ ഷാജഹാൻ തന്റെ ജീവിത പങ്കാളിയായ മുംതാസിന്റെ ഓർമ്മയ്ക്കായി പണികഴിപ്പിച്ചതാണെന്നാണ് ആധികാരിക രേഖകൾ പറയുന്നത്. എന്നാൽ ചരിത്രം വളച്ചൊടിച്ചതാണെന്നും സ്മാരകം ഹിന്ദുക്കളുടേതുമാണെന്നും അവകാശവാദങ്ങൾ ഉയരുന്നുണ്ട്.
ജയ്പൂർ രാജകുടുംബത്തിന്റേതാണ് സ്മാരകം സ്ഥിതി ചെയ്യുന്ന ഭൂമിയെന്ന് പറഞ്ഞ് നേരത്തെ ബിജെപി എംപി തന്നെ രംഗത്ത് വന്നിരുന്നു. ഹിന്ദു വിഗ്രഹങ്ങളുടെയും പുരാണങ്ങളുടെയും സാന്നിധ്യം തിരിച്ചറിയാന്‍ താജ്മഹലിനുള്ളിലെ 20 മുറികള്‍ തുറന്ന് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അയോധ്യയിലെ ബിജെപി മീഡിയ തലവൻ രജ്‌നീഷ് സിങാണ് ഏറെ നാളായി നിയമപോരാട്ടത്തിലാണ്.
ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ചരിത്രം തിരുത്തിയെഴുതാന്‍ ചരിത്രകാരന്‍മാരോട് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നേരത്തെ രംഗത്തെത്തിയിരുന്നു.ത്തരത്തിലുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.താനൊരു ചരിത്ര വിദ്യാര്‍ത്ഥിയായിരുന്നെന്നും, നമ്മുടെ ചരിത്രം വളച്ചൊടിക്കപ്പെട്ടുവെന്നും അമിത്ഷാ പറഞ്ഞു.
മുഗള്‍ സാമ്രാജ്യത്തിനെതിരെപടനയിച്ച ലച്ചിത് ബര്‍ഫുകന്റെ 400 ജന്മദിനാഘോഷത്തിന്റെ ഭാഗമായി അസം സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാര്‍ത്ഥികളും യൂണിവേഴ്സിറ്റി പ്രൊഫസര്‍മാരും മുന്നോട്ട് വന്ന് ഗവേഷണം നടത്തി ചരിത്രം തിരുത്തിയെഴുതണം.അങ്ങനെയാണ് ഭാവി തലമുറകള്‍ക്ക് പ്രചോദനമാകേണ്ടതെന്നും അമിത്ഷാ പറഞ്ഞു. ഞാന്‍ ഒരു ചരിത്ര വിദ്യാര്‍ത്ഥിയാണ്. നമ്മുടെ ചരിത്രം ശരിയായല്ല അവതരിപ്പിക്കപ്പെട്ടതെന്നും,വളച്ചൊടിച്ചതാണെന്നും ഞാന്‍ ഒരുപാട് തവണ കേട്ടിട്ടുണ്ട്.അത്‌ചെലപ്പോള്‍ ശരിയായിരിക്കാം. പക്ഷേ, നമുക്ക് അതെല്ലാം ശരിയാക്കേണ്ടതുണ്ട്.
ചരിത്രം ശരിയായ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ നിന്ന് ആരാണ് നിങ്ങളെ തടയുന്നത്?ഇവിടെ ഇരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും യൂണിവേഴ്സിറ്റി പ്രൊഫസര്‍മാരും ചരിത്രം തെറ്റാണെന്ന ആഖ്യാനം തിരുത്താനായി, 150 വര്‍ഷത്തില്‍ കൂടുതല്‍ ഭരിച്ച 30 രാജവംശങ്ങളെയും സ്വാതന്ത്ര്യത്തിനായി പോരാടിയ 300 പ്രമുഖ വ്യക്തികളെക്കുറിച്ചും ഗവേഷണം ചെയ്യണം,അമിത്ഷാ പറഞ്ഞു.
ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നതിനായി ചരിത്ര കോഴ്സുകള്‍ പുനര്‍പരിശോധിക്കേണ്ട സമയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പ്രധാനമന്ത്രി നരേന്ദ്ര മോഡി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള വിടവ് നികത്തിയതായും, സര്‍ക്കാരിന്റെ ശ്രമഫലമായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാനം പുനസ്ഥാപിക്കപ്പെട്ടതായും അമിത് ഷാ അവകാശപ്പെട്ടു.
മുഗള്‍ രാജവംശത്തിന്റെ മുന്നേറ്റം തടഞ്ഞ ലച്ചിത് ബര്‍ഫുകനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ കുറഞ്ഞത് 10 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ സര്‍മയോട് അമിത് ഷാ ആവശ്യപ്പെട്ടു. ലച്ചിതിന്റെ മാഹാത്മ്യം രാജ്യത്തെ ജനങ്ങള്‍ അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.