KeralaNews

ദേവികുളം എംഎൽഎ എ രാജയ്ക്ക് ആശ്വാസം; അയോഗ്യനാക്കിയ വിധി ഭാഗിക സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡല്‍ഹി: ദേവികുളം മുൻ എംഎൽഎ എ രാജയെ അയോഗ്യനാക്കിയ കേരള ഹൈക്കോടതി വിധിക്ക് ഭാഗിക സ്റ്റേ അനുവദിച്ച് സുപ്രീംകോടതി. എ രാജ സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ. ഇതോടെ രാജയ്ക്ക് നിയമസഭ നടപടികളിൽ പങ്കെടുക്കാം.

പക്ഷേ വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കില്ല. നിയമസഭ അലവൻസും പ്രതിഫലവും വാങ്ങാനും അവകാശം ഉണ്ടായിരിക്കില്ല. കേസ് ഇനി ജൂലൈയിൽ പരിഗണിക്കുന്നത് വരെയാണ് വിധി സ്റ്റേ ചെയ്തിരിക്കുന്നത്.

വ്യാജരേഖ ചമച്ച വ്യക്തിയെ നിയമസഭയിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്ന് ഡി കുമാറിന്‍റെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു. അതേസമയം, സ്റ്റേ ഇല്ലെങ്കിൽ തെരഞ്ഞെടുപ്പ് നടക്കും എന്ന രാജയുടെ വാദം അംഗീകരിച്ചാണ് കോടതി ഇളവ് നല്‍കിയത്. രാജ ക്രിസ്തുമതം പിന്തുടരുന്നില്ല എന്ന് എങ്ങനെ തെളിയിക്കുമെന്നും കോടതി ചോദിച്ചു.

കഴിഞ്ഞ മാസമാണ് ദേവികുളം മണ്ഡലത്തിലെ  നിയമസഭാ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട ദേവികുളം മണ്ഡലത്തിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാർത്ഥി ഡി കുമാറിന്‍റെ ഹർജി അംഗീകരിച്ചാണ് രാജയ്ക്കെതിരെ ഹൈക്കോടതി വിധി പറഞ്ഞത്.

ദേവികുളം മണ്ഡലത്തിൽ നിന്ന് എംഎൽഎയായി നിയമസഭയിലെത്തിയ എ  രാജയുടെ വിജയം ഹൈക്കോടതി അസാധുവാക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ദേവികുളം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് അസാധുവാക്കപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button